മലപ്പുറം: ട്രൈബൽ വില്ലേജിലെ വീടുകളുടെ നിർമാണത്തില്‍ ക്രമക്കേടെന്ന ആരോപണവുമായി ആദിവാസികൾ. പ്രളയബാധിതരായ ആദിവാസി കുടുംബങ്ങളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് അകമ്പാടം കണ്ണംകുണ്ടിൽ വനം വകുപ്പ് റവന്യൂ വകുപ്പിന് വിട്ടുനൽകിയ സ്ഥലത്തെ ജില്ലയിലെ ആദ്യത്തെ ട്രൈബൽ വില്ലേജിലാണ് ജില്ലാ നിർമിതികേന്ദ്രം 34 വീടുകൾ നിർമിക്കുന്നത്. എന്നാല്‍ നിർമിതി കേന്ദ്രത്തില്‍ നിന്ന് കരാർ എടുത്തയാൾ ആവശ്യത്തിന് ഫൗണ്ടേഷൻ എടുക്കാതെ അശാസ്ത്രിയമായി നിർമാണം നടത്തുവെന്നാരോപിച്ചാണ് വീടുകളുടെ നിർമ്മാണം തടഞ്ഞത്.
34 വീടുകളിൽ 25 എണ്ണത്തിന്‍റെയും നിർമാണം മാസങ്ങളായി നിലച്ച് കിടക്കുകയാണ്, കലക്ടർ, സബ് കലക്ടർ എന്നിവർ സ്ഥലത്ത് എത്തിയിട്ടും, പരാതി കേൾക്കാൻ തയ്യാറാക്കുന്നില്ലെന്നും പരാതിക്കാരായ ബിന്ദു പറഞ്ഞു. ഈ വർഷം മാർച്ച് 31-ന് മുൻപ് ട്രൈബൽ വില്ലേജിലെ വീടുകളുടെ നിർമാണം പൂർത്തികരിക്കുമെന്നായിരുന്നു ജില്ലാ ഭരണകൂടത്തിന്റെ ഉറപ്പ്. എന്നാൽ നിർമാണം പാതിവഴിയിലായ വീടുകളുടെ നിർമാണം ആറു മാസത്തിനുള്ളില്‍ പോലും പൂർത്തിയാക്കാൻ കഴിയില്ലെന്ന് ആദിവാസികൾ പറയുന്നു.