മലപ്പുറം: കാട്ടുപന്നികളെ കെണി വച്ചുപിടിച്ച് ഇറച്ചി വിൽപ്പന നടത്തുന്ന ഏഴംഗ സംഘത്തെ നിലമ്പൂർ വനം വിജിലെൻസ് പിടികൂടി. വാണിയമ്പലം - കാളികാവ് റോഡിൽ മരുതങ്ങൽ - പൂങ്ങോട് ഭാഗത്തെ മങ്ങപ്പാടത്തു നിന്നുമാണ് ഏഴ് പ്രതികളെയും കാട്ടുപന്നിയിറച്ചിയുമായി വീടുകളിൽ നിന്നും പിടികൂടിയത്. കോഴിക്കോട് വിജിലെൻസ് ഡിഎഫ്ഒ പി.ധനേഷ് കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പുലർച്ചെയോടെ വീടുകളിൽ നിന്നും പ്രതികൾ പിടിയിലായത്.
ALSO READ:ലക്ഷദ്വീപിനായി പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി; പിന്തുണച്ച് പ്രതിപക്ഷം
വാണിയമ്പലം മങ്ങുംപാടം സ്വദ്ദേശികളായ കെ.വിനോദ് (41), എം.വി.സജീവ് ( 40) എം.നിമേഷ് (35)കെ.അനിൽകുമാർ (36)കെ. വിനിഷ് (32)ഷാജി കെ കീഴാത്ര (42) ടി .സന്ദീപ് തൊടിയിൽ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ വീടുകളിൽ നിന്നായി വേവിച്ചതും അല്ലാത്തതുമായ ആറ് കിലോയോളം കാട്ടുപന്നിയിറച്ചിയും, ഇറച്ചിവെട്ടാൻ ഉപയോഗിച്ച കത്തികളും പിടിച്ചെടുത്തു. കെണിയിൽ കുടുങ്ങിയ കാട്ടുപന്നിയെ എടുത്ത് വീതം വച്ചതാണെന്ന് പ്രതികൾ പറയുന്നു. എന്നാൽ ഇത് വനം വകുപ്പ് അംഗീകരിച്ചിട്ടില്ല. പ്രതിയായ സജീവന്‍റെ പറമ്പിലാണ് കാട്ടുപന്നിയെ പിടിക്കാൻ കെണി വച്ചിരുന്നത്.
കെണി വച്ച് കാട്ടുപന്നികളെ പിടിച്ച് വില്‍ക്കുന്ന സംഘമാണിതെന്ന് വനപാലകർ പറഞ്ഞു. ഇൻഡസ്‌ട്രീസ്, ആശാരി പണി, ഡിസൈനിംഗ് മേഖലകളിലെ തൊഴിലാളികളാണിവർ, ഒരാൾ കണ്ണട ഷോപ്പ് ഉടമയുമാണ്. പ്രതികളെ കേസ് അന്വേഷണ ചുമതലയുള്ള കരുവാരക്കുണ്ട് ഡെപ്യൂട്ടി റെയ്ഞ്ചർക്ക് കൈമാറും. റെയ്ഡിൽ വനം വിജിലെൻസ് ബിഎഫ്ഒമാരായ എ.എൻ.രജീഷ്, സി.കെ.വിനോദ് തുടങ്ങിയവർ പങ്കെടുത്തു.