മലപ്പുറം: വഴിക്കടവ് പഞ്ചായത്തിലെ വെള്ളക്കട്ട അട്ടിയിലെ നിർദിഷ്ഠ കള്ള്ഷാപ്പിനുള്ള ലൈസൻസ് ഹൈക്കോടതി റദ്ദ് ചെയ്‌തു. കള്ള്ഷാപ്പിനെതിരെ ജനകീയ സമരസമതിയുടെ നേതൃത്വത്തിൽ നടന്നു വന്ന അനിശ്ചിതകാല സമരം 36 ദിസം പിന്നിടുമ്പോഴാണ് കോടതി ഉത്തരവ്.
ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചു ആദിവാസി കുടുംബത്തിന് അനുവദിച്ച വീട്ടിലായിരുന്നു കള്ള്ഷാപ്പിനുള്ള സ്ഥലം കണ്ടെത്തിയിരുന്നത്. കള്ളുമായി വന്ന വാഹനം ഒരു മാസം മുമ്പ് സമരസമിതി തടഞ്ഞിരുന്നു.തുടർന്ന് സമരസമിതി കോടതിയെ സമീപിക്കുകയായിരുന്നു. എക്സൈസ് അധികൃതർ സ്ഥലം സന്ദർശിക്കുകയും ഷോപ്പ് പ്രവർത്തിക്കാനുദ്ദേശികുന്ന സ്ഥലം ജനവാസകേന്ദ്രത്തിലാണെന്ന് റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു.
എം.എൽ.എ പി.വി.അൻവർ ഉൾപ്പെടെ വിവിധ രാഷ്‌ട്രീയ പാർട്ടി നേതാക്കൾ സമരപന്തൽ സന്ദർശിച്ചിരുന്നു. ബുധനാഴ്ച സമരസമിതിയുടെ നേതൃത്വത്തിൽ വെള്ളക്കട്ടയിൽ നിന്നും വഴിക്കടവിലേക്ക് അഹ്ലാദ പ്രകടനം നടത്തി. തുടർന്നു വഴിക്കടവിൽ ചേർന്ന പൊതുയോഗം ജില്ല പഞ്ചായത്ത് അംഗം ഒ.ടി ജെയിംസ് ഉദ്ഘാടനം ചെയ്തു .വാർഡ് അംഗം പത്മാവതി അധ്യക്ഷത വഹിച്ചു. പി.ടി ജാഫർ, ടി.കെ രമേശ്, രജനി അമക്കാടൻ, അനുപുളിക്കൽ, ഗോപാലൻ പൂക്കത്തിൽ എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നൽകി.