മലപ്പുറം: തിരൂരങ്ങാടിയില്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാൻ എത്തിയ യുവാവിന് ക്രൂരമർദനം. വെന്നിയൂർ സ്വദേശിയായ റാഷിദീനാണ് പൊലീസിന്‍റെ മർദനമേറ്റത്. അതിഥി തൊഴിലാളികൾ താമസിക്കുന്ന ബില്‍ഡിങ് സംബന്ധമായ പരാതി നല്‍കാനാണ് ആർഎസ്‌പി പ്രവർത്തകനായ യുവാവ് തിരൂരങ്ങാടി പൊലീസ് സ്റ്റേഷനിലെത്തിയത്. സ്റ്റേഷനിലെ അഡീഷണല്‍ എസ്ഐയോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് മൂന്ന് പൊലീസുകാർ ചേർന്ന് മർദ്ദിക്കുകയായിരുന്നുവെന്ന് റാഷിദ് പറഞ്ഞു.
പൊലീസ് സ്റ്റേഷനിലുണ്ടായിരുന്ന ഒരു ഓഫീസർ മുഖത്ത് അടിക്കുകയും ശരീരത്തിന്‍റെ പ്രധാന ഭാഗങ്ങളില്‍ ചവിട്ടുകയും ചെയ്തെന്നും റാഷിദ് പറഞ്ഞു. സംഭവത്തിന് ശേഷം തിരൂരങ്ങാടി സിഐ അടക്കമുള്ളവർ വിളിച്ച് സംഭവം പുറത്ത് പറയരുതെന്ന് പറഞ്ഞു. പിന്നീട് പൊലീസുകാരോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് കേസ് എടുക്കുകയായിരുന്നെന്നും യുവാവ് പറഞ്ഞു. റാഷിദ് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.