മലപ്പുറം: ജില്ലാ പൊലീസ് മേധാവിയുടെ മണല്‍ സ്‌ക്വാഡിലെ പൊലീസുകാെര ആക്രമിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. മമ്പാട് സ്വദേശികളായ എരഞ്ഞിക്കൽ ഫായിസ്, മുഹമ്മദ് അനസ്, അരിക്കോട് വെസ്റ്റ് പത്തനാപുരം മീമ്പറ്റ അജ്മൽ എന്നിവരെയാണ് നിലമ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മറ്റൊരു പ്രതി മമ്പാട് സ്വദേശി ഫൈസലിനെ ഞായറാഴ്ച പിടികൂടിയിരുന്നു. നിലവില്‍ നാല് പ്രതികളാണ് അറസ്റ്റിലായിട്ടുള്ളത്. രണ്ട് പേര്‍ക്കുള്ള തെരച്ചില്‍ തുടരുകയാണ്.
കഴിഞ്ഞ മാസം 22നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. മമ്പാട് ടാണ കടവില്‍ മണല്‍ കടത്ത് തടയാനെത്തിയ പൊലീസുകാരെ ആക്രമിച്ച് വണ്ടിയുമായി സംഘം രക്ഷപ്പെടുകയായിരുന്നു. മാരകായുധങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. പ്രതികള്‍ക്കെതിരെ പൊലീസിനെ ആക്രമിച്ച കേസ് ഉള്‍പ്പെടെ പത്തോളം കേസുകള്‍ നിലനില്‍ക്കുന്നുണ്ടെന്ന് ഇൻസ്പെക്ടർ ടി.എസ് ബിനു പറഞ്ഞു.