മലപ്പുറം: നിലമ്പൂർ അകമ്പാടത്തെ മൃഗവേട്ട കേസിൽ 3 പേർ കൂടി അറസ്റ്റിൽ.ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 6 ആയി, എടവണ്ണ സ്വദേശികളായ യാക്കൂബ്, ഇർഷാദ്, സഹദേവൻ എന്നിവരെയാണ് ശനിയാഴ്ച്ച എടവണ്ണ റെയ്ഞ്ച് ഓഫീസർ ഇംറോസ് ഏലിയാസ് നവാസിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്‌തത്. വെള്ളിയാഴ്ച്ച അറസ്റ്റിലായ പ്രതികളായ ദേവദാസ്, മുസ്‌തഫ കമാൽ, നിസാർ എന്നിവർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്‌റ്റ് ചെയ്‌തതെന്ന് റെയ്ഞ്ച് ഓഫീസർ ഇംറോസ് ഏലിയാസ് പറഞ്ഞു.
ക്വാറിയിൽ തോക്ക് മുക്കിയിട്ടിരിക്കുകയാണെന്ന് എടവണ്ണയിൽ നിന്നും പിടിയിലായ വല്ലാച്ചിറ യാക്കൂബും, ഇർഷാദും മൊഴി നൽകിയിരുന്നു. ഇർഷാദ് നാടൻ തോക്ക് നിർമാണത്തിൽ വിദഗ്ധനാണ്. ഇയാൾ എടവണ്ണയിൽ വാഹനങ്ങളുടെ വർക്ക് ഷോപ്പ് നടത്തി വരികയാണ്. പെരുവമ്പാടം മുസ്‌തഫ കമാലിന് തോക്ക് വിൽപന നടത്തിയത് വേലായുധനാണെന്ന് റെയഞ്ച് ഓഫീസർ പറഞ്ഞു. കമാലുദ്ദീന് 5000 രൂപയ്ക്കാണ് വിൽപ്പന നടത്തിയത്.സംഘം ചേർന്ന് അകമ്പാടം ഭാഗത്ത് മൃഗവേട്ട നടത്തിയിരുന്നതായും പിടിയിലായവർ മൊഴി നൽകി.
കാട്ടുപന്നിയിറച്ചി നൽകിയ പ്രതിയുൾപ്പെടെ കൂടുതൽ പേർ ഒളിവിലാണ്, അടുത്ത ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്ന് റെയ്ഞ്ച് ഓഫീസർ പറഞ്ഞു.വലിയ ശൃംഖലയിലെ കണ്ണികളാണ് അറസ്റ്റിലായവരെന്നും ഇവരിൽ നിന്ന് 4 തോക്കുകൾ, 10 വെടിയുണ്ടകൾ, വെടിമരുന്ന്, വടിവാൾ, കത്തികൾ ഉൾപ്പെടെ പിടിച്ചെടുത്തിരുന്നതായും റെയ്ഞ്ച് ഓഫീസർ ഇംറോസ് ഏലിയാസ് നവാസി പറഞ്ഞു.