മലപ്പുറം: വിൽപ്പനയ്ക്കെത്തിച്ച വാറ്റുചാരായവും വിദേശ മദ്യവുമായി മൂന്നുപേർ പിടിയിൽ. ആലിപ്പറമ്പ് വില്ലേജ് സ്വദേശി സുരേഷ് ബാബു (32), ചെത്തല്ലൂർ സ്വദേശികളായ ആനക്കുഴി രാഖിൽ(25), വെളുത്തേടത്ത് തൊടി അനുരാഗ് (23), എന്നിവരാണ് പെരിന്തൽമണ്ണ പൊലീസിന്‍റെ പിടിയിലായത്. 17 ലിറ്റർ വാറ്റുചാരായവും 23 കുപ്പി കർണാടക വിദേശമദ്യവും ഇവരുടെ പക്കൽ നിന്നും പിടിച്ചെടുത്തു.
ലോക്ക്‌ഡൗൺ സമയത്ത് നവമാധ്യമങ്ങൾ വഴി ഒരു മാസം മുൻപ് വാറ്റുചാരായനിർമ്മാണം പഠിക്കുകയും രഹസ്യ കേന്ദ്രത്തിൽ വച്ച് വാറ്റുചാരായം നിർമ്മിച്ച് ലിറ്ററിന് 1500 രൂപ മുതൽ ഏജന്‍റുമാർ മുഖേന വിൽപ്പന നടത്തി വരികയായിരുന്നു ഇവർ.
17 ലിറ്റർ വാറ്റുചാരായവും 23 കുപ്പി കർണാടക വിദേശമദ്യവും പിടിച്ചെടുത്തു
ലോക്ക്‌ഡൗൺ നിയന്ത്രണങ്ങൾ മുതലെടുത്ത് മലപ്പുറം, പാലക്കാട് ജില്ല അതിർത്തിപ്രദേശങ്ങളിൽ അനധികൃത മദ്യവിൽപനയും വ്യാജവാറ്റും നടത്തുന്ന സംഘങ്ങളെ കുറിച്ച് മലപ്പുറം ജില്ല പൊലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പെരിന്തൽമണ്ണ ഡിവൈഎസ്‌പി കെ.എം.ദേവസ്യ, സി.ഐ സജിൻ ശശി, എസ്.ഐ. ശ്രീജിത്ത്, എന്നിവരുടെ നേതൃത്വത്തിൽ ജില്ല അതിർത്തികളിൽ നടത്തിയ പരിശോധനയിലാണ് രണ്ടു ബൈക്കുകളിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന വാറ്റുചാരായവും കർണാടക വിദേശമദ്യവും പിടിച്ചെടുക്കുന്നത്. ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതോടെ മൊത്തമായി വിൽപ്പന നടത്തുന്നതിനായി കൊണ്ടുവന്ന മദ്യകുപ്പികളാണ് പിടിച്ചെടുത്തത്. കർണാടകയിൽ നിന്ന് ഏജന്‍റുമാർ മുഖേന പച്ചക്കറിലോറികളിലും മറ്റും കൊണ്ടുവരുന്ന വിദേശമദ്യ കുപ്പിയൊന്നിന് 1800 രൂപയ്ക്കാണ് സുരേഷ് ബാബു വിൽപ്പന നടത്തുന്നത്. ഈ സംഘത്തിലെ മറ്റുള്ളവരെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്.
ALSO READ: മലപ്പുറത്ത് പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിയെ കുത്തിക്കൊന്നു ; യുവാവ് പിടിയില്‍
20 ലിറ്റർ വാറ്റുചാരായവുമായി രണ്ടുപേരെ ദിവസങ്ങൾക്കുമുമ്പ് പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അനധികൃത മദ്യവിൽപനയും വ്യാജ വാറ്റും തടയുന്നതിന് പരിശോധന ശക്തമാക്കുമെന്നും ജില്ല പൊലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐപിഎസ് അറിയിച്ചു. പ്രതികളെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി.