മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പ് കേന്ദ്ര സംസ്ഥാന സർക്കാറുകൾക്കുള്ള താക്കീതാകണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. നിലമ്പൂരിൽ യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കുറി ഒറ്റക്കെട്ടായാണ് യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
നരേന്ദ്ര മോദി സർക്കാറിന് കോർപറേറ്റുകളുടെ ഉന്നമനം മാത്രമാണ് ലക്ഷ്യം. ലക്ഷ കണക്കിന് ചെറുകിട വ്യാപാര സ്ഥാപനങ്ങളാണ് രാജ്യത്ത് അടച്ച് പൂട്ടിയത്. വർഷം തോറും അഞ്ച് കോടി പേർക്ക് ജോലി നൽകുമെന്ന നരേന്ദ്ര മേദിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം പാഴ്വാക്കായതായി ഉമ്മൻ ചാണ്ടി പറഞ്ഞു.
തെറ്റ് ചൂണ്ടികാട്ടുന്നവരുടെ വാ മൂടി കെട്ടാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നതെന്നും പെരിയ ഇരട്ട കൊലക്കേസ് സി.ബി.ഐ അന്വേഷിച്ചാൽ മതിയെന്ന സുപ്രീം കോടതി വിധി നീതിക്ക് ലഭിച്ച അംഗികാരമാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
ഈ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയിക്കേണ്ടത് അനിവാര്യമാണെന്നും, പ്രചരണത്തിനിടയിൽ മരിച്ചു വീഴേണ്ടി വന്നാലും വരും ദിവസങ്ങളിൽ പ്രചരണ രംഗത്ത് ഉണ്ടാകുമെന്ന് മുൻ മന്ത്രി ആര്യാടൻ മുഹമ്മദ് പാഞ്ഞു. ഡി.സി.സി പ്രസിഡന്‍റ് വി.വി.പ്രകാശ്, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ വി.എ.കരീം, ഇ മുഹമ്മദ് കുഞ്ഞി, കെ.പി.സി.സി അംഗങ്ങളായ ആര്യാടൻ ഷൗക്കത്ത്, പത്മിനി ഗോപിനാഥ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.