മലപ്പുറം: കാട്ടുപോത്ത് ജനവാസമേഖലയിലിറങ്ങി സ്വൈര്യജീവിതം പ്രതിസന്ധിയിലാക്കുന്നതായി നാട്ടുകാരുടെ പരാതി. ജില്ലയിലെ കരുവാരക്കുണ്ട് പ്രദേശവാസികളാണ് വിഷയം ഉന്നയിച്ചത്.
'ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്'
ഇന്നലെ വൈകീട്ടോടെ പന്തയ്ക്കൽ ജോർജിന്‍റെ വീട്ടുമുറ്റത്ത് കാട്ടുപോത്ത് വന്നു. വീട്ടുകാര്‍ പ്രദേശവാസികളെ സംഘടിപ്പിച്ച് പോത്തിനെ മുറ്റത്തുനിന്ന് ഓടിച്ചുവിടുകയായിരുന്നു. തുടര്‍ന്ന്, കിഴക്കേത്തലക്കൽ ഷാജുവിന്‍റെ കൊക്കോ തോട്ടത്തിൽ പോത്ത് നിലയുറപ്പിച്ചു. നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് കരുവാരക്കുണ്ട് ഡെപ്യൂട്ടി ഫോറസ്റ്റ് സംഘം സ്ഥലത്തെത്തി. എന്നാല്‍, സമീപത്തേക്ക് അവർക്കെത്താൻ കഴിഞ്ഞില്ല. ഇതിനിടെ, ചേരിയിലെ റോഡിലൂടെ നടന്നുപോവുകയായിരുന്ന പൂക്കോടൻ ഗഫൂർ എന്നയാൾ പോത്തിന്‍റെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്കാണ്.
'കൃഷിയിടത്തില്‍ ഇറങ്ങാനാവുന്നില്ല, വേണം പരിഹാരം'
മേയ് 18-ന് കാട്ടുപോത്തിന്‍റെ കുത്തേറ്റ് തരിശിലെ വാടിയിൽ ഷാജഹാൻ മരിച്ചിരുന്നു. അതേ കാട്ടുപോത്താണ് ഇന്നലെ വീണ്ടും ജനവാസമേഖലകളിൽ ഇറങ്ങിയത്. ആദ്യമിറങ്ങിയപ്പോൾ കാട്ടുപോത്തിനെ ഫോറസ്റ്റ് അധികൃതരും നാട്ടുകാരുംചേർന്ന് കാടുകയറ്റിയിരുന്നു. ഒരുമാസമായി മേഖലയിൽ ഒറ്റപ്പെട്ടുകഴിയുന്ന കാട്ടുപോത്തിന്‍റെ സാന്നിധ്യം കൃഷിയിടങ്ങളിൽ കാണാറുണ്ടെങ്കിലും ജനവാസമേഖലയിൽ ഇറങ്ങിയിരുന്നില്ല.
വീണ്ടും ജനവാസ മേഖലകളില്‍ കാട്ടുപോത്ത് ഇറങ്ങിയതോടെ നാട്ടുകാർ ഭീതിയിലാണ്. ഫോറസ്റ്റ് സ്റ്റേഷൻ അധികൃതർ സ്ഥലത്തെത്തി പ്രദേശവാസികൾക്ക് ജാഗ്രത നിർദേശം നൽകി. മാസങ്ങളായി തുടരുന്ന ഈ പ്രശ്നത്തിന് പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കാട്ടാനയുടെയും കാട്ടുപോത്തിന്‍റെയും ശല്യം രൂക്ഷമായതോടെ കഷകർ കൃഷിയിടത്തിലിറങ്ങാൻ കഴിയാത്ത സ്ഥിതിയിലാണ്.