കൊണ്ടോട്ടി ; ഉന്നതരുടെ സമ്മർദ്ദവും മണല്‍മാഫിയയുടെ ഭീഷണിയും മൂലം ചാലിയാറിലെ കടവില്‍ പൊലീസ് പരിശോധന പിൻവലിച്ചതായി ആക്ഷേപം. മൂർക്കനാട്, പാവണ്ണ കടവുകളിലെ പരിശോധനയില്‍ നിന്നാണ് പൊലീസ് പിൻമാറിയത്. ഇതോടെ ചാലിയാറിൽ പകൽ സമയത്തും അനധികൃത മണലെടുപ്പ് രൂക്ഷമായി.
ഇതിനിടെ പൊലീസ് പിടിച്ചിട്ട മണല്‍ മാഫിയയുടെ ബോട്ടും മണലൂറ്റ് സാധനങ്ങളും മോഷണം പോയി. കഴിഞ്ഞ മാസം 30 ന് രാത്രി പാവണ്ണ കടവിൽ നിന്ന് മണലെടുക്കുന്നതിനിടെ തോണി പിടികൂടിയിരുന്നു. ഇത് വിട്ടു കിട്ടാൻ വേണ്ടി അരീക്കോട് പൊലീസില്‍ ഉന്നത സമ്മർദ്ദമുണ്ടായെന്നാണ് സൂചന. ഇതിന് ശേഷം പൊലീസുകാരെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. ഇതിന് ശേഷമാണ് പൊലീസ് പരിശോധന അവസാനിപ്പിച്ചത്. മണല്‍ കടത്ത് വ്യാപകമായിട്ടും റവന്യു അധികൃതർ വിഷയത്തില്‍ ഇടപെടുന്നില്ലെന്നും ആരോപണമുണ്ട്.