മലപ്പുറം: പൗരത്വ നിയമത്തിനെതിരായി പാര്‍ട്ടി നടത്തുന്ന നിയമ പോരാട്ടം ശക്തമായി തുടരുമെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി. ഇന്ന് നടന്ന സ്റ്റേ പെറ്റീഷൻ സംബന്ധിച്ച കേസ് കൗണ്ടർ അഫിഡവിറ്റ് നൽകുന്നതിന് വേണ്ടി രണ്ടാഴ്ചത്തേക്ക് മാറ്റി വെച്ചിരിക്കുകയാണ്. ഇന്നലെ മാത്രമാണ് തങ്ങൾക്ക് സർക്കാരിന്‍റെ സത്യവാങ്മൂലം കിട്ടിയതെന്നും അദ്ദേഹം അറിയിച്ചു.
''കേന്ദ്രത്തിന്‍റെ അഫിഡവിറ്റ് വിചിത്രം''
ഉടനെ തന്നെ തങ്ങൾ സുപ്രീം കോടതിയിൽ കേസിന് നേതൃത്വം കൊടുക്കുന്ന അഡ്വ. കപിൽ സിപൽ, അഡ്വ. ഹാരിസ് ബീരാൻ, ലോയേഴ്സ് ഫോറം പ്രസിഡന്‍റ് അഡ്വ. മുഹമ്മദ് ഷാ, എന്നിവരുമായി മുസ്‌ലിം ലീഗ് ഭാരവാഹികൾ വീഡിയോ കോൺഫറൻസിങ് വഴി ചർച്ച നടത്തി. ഇന്ന് ഈ കേസ് കോടതിയിൽ വന്നപ്പോൾ കേന്ദ്ര സർക്കാർ കൊടുത്തിട്ടുള്ള അഫിഡവിറ്റ് വളരെ വിചിത്രമാണെന്നും എം.പി വിമര്‍ശിച്ചു.
വസ്തുതകളെ വളച്ചൊടിക്കുന്നതാണ് അത്. സി.എ.എ നടപ്പിലാക്കാൻ വേണ്ടി ഉദ്ദേശിച്ചിട്ടുള്ളതല്ല എന്നാണ് അതിൽ പറഞ്ഞിട്ടുള്ളത്. യഥാർഥത്തിൽ സി.എ.എ എന്തായിരുന്നുവെന്നും സി.എ.എ ദേശീയ തലത്തിൽ എതിർക്കാനുള്ള കാരണം പൗരത്വം, മതം മാനദണ്ഡമാക്കിഎന്നതുകൊണ്ടാണെന്നും ഇ.ടി. മുഹമ്മദ് ബഷീർ പറഞ്ഞു.
''സി.എ.എ നടപ്പിലാക്കാൻ കേന്ദ്ര സർക്കാറിന്‍റെ കുബുദ്ധി''
ഈ നടപടിയാണ് ഇന്ത്യയിലാകെ ശക്തമായ പ്രക്ഷോഭങ്ങളിലൂടെ എല്ലാവരും എതിർത്തത്. ഇപ്പോഴത്തെ ഉത്തരവിൽ അതേ വാചകം തന്നെ ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്. ഇതെല്ലാം ചെയ്തു കൊണ്ട് ഇത് തങ്ങൾ സി.എ.എ നടപ്പിലാക്കാൻ വേണ്ടിയല്ല എന്ന് പറയുന്നത് വസ്തുതകൾക്ക് നിരക്കാത്തതാണെന്നും മുസ്‌ലിം ലീഗ് നേതാവ് ചൂണ്ടിക്കാണിച്ചു.
സി.എ.എ ഒളിവിൽ നടപ്പിലാക്കാൻ വേണ്ടിയുള്ള കുബുദ്ധിയാണ് കേന്ദ്ര സർക്കാർ ഇതിൽ കാണിച്ചിട്ടുള്ളത്. കൗണ്ടർ അഫിഡവിറ്റിൽ ഇക്കാര്യങ്ങളെല്ലാം തങ്ങൾ വിശദമായി സമർപ്പിക്കും. ഇക്കാര്യത്തിൽ മുസ്‌ലിം ലീഗ് അതിന്‍റെ ശക്തമായ നിയമ പോരാട്ടം തുടരുമെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി മാധ്യമങ്ങളോടു പറഞ്ഞു.