മലപ്പുറം: ലോക്സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ജനങ്ങളുടെ മേൽ യുഡിഎഫ് അടിച്ചേൽപിച്ചതാണെന്ന് എൽഡിഎഫ് സ്ഥാനാർഥി വി. പി. സാനു. പാണ്ടിക്കാട് ഗ്രാമപഞ്ചായത്തിലെ ഒന്നാം ഘട്ട പ്രചാരണ പരിപാടിയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മഞ്ചേരി നിയമസഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി നാസർ ഡിബോണയും സാനുവിനൊപ്പം വോട്ടഭ്യർഥിച്ചു. കുത്തകയാക്കി വച്ച മണ്ഡലങ്ങളിൽ വോട്ട് ചെയ്ത് വിജയിപ്പിച്ചവരോട് എന്തു നെറികേടുകളും ചെയ്യാമെന്ന ധാരണയാണ് യുഡിഎഫിനുള്ളതെന്നും സാനു പറഞ്ഞു.
2017ൽ മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പ് ആവശ്യമായിരുന്നു. എന്നാൽ 2021ലെ തെരഞ്ഞെടുപ്പ് യുഡിഎഫിന്‍റെയും, നേതാക്കളുടെയും ധിക്കാരത്തെയാണ് സൂചിപിക്കുന്നത്. ഇതിനെതിരെ ജനം വിധി എഴുതുമെന്ന് വി. പി. സാനു പറഞ്ഞു. വെള്ളിയാഴ്ച്ച വൈകിട്ട് നാലിനാണ് വി. പി. സാനു പാണ്ടിക്കാട് ടൗണിലെത്തിയത്. വ്യാപാരികൾ, ഓട്ടോ ടാക്സി തൊഴിലാളികൾ, ചുമട്ട് തൊഴിലാളികൾ എന്നിവരോട് അദ്ദേഹം വോട്ടഭ്യർഥിച്ചു. നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി നാസർ ഡിബോണയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
മഞ്ചേരിയിൽ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുവെന്നും, ആ മാറ്റം ഈ തെരഞ്ഞെടുപ്പിൽ സംഭവിക്കുമെന്നും നാസർ ഡിബോണ പറഞ്ഞു.