മലപ്പുറം: മൂർഖനെ പിടിച്ചത് വനംവകുപ്പിന് പുലിവാലായി മാറി. ചാലിയാർ സ്വദേശിയായ രാജേന്ദ്രന്‍റെ വീടിന് പുറത്താണ് പുല്ലാനി മൂർഖനെ കണ്ടെത്തിയത്. ഉടൻതന്നെ വീട്ടുകാർ പാമ്പുപിടുത്തക്കാരനും നിലമ്പൂർ ആർ.ആർ.ടിയിലെ വാച്ചറുമായ അബ്‌ദുല്‍ അസീസിനെ വിവരം അറിയിച്ചു. പിടികൂടിയ പാമ്പുമായി അസീസ് ആർ.ആർ.ടി ഓഫീസിൽ എത്തി.
പാമ്പിനെ ഉൾവനത്തിലേക്ക് വിടാനിരിക്കെയാണ് മൊടവണ്ണ കുട്ടിച്ചാത്തൻകാവിലെ സർപ്പ കാവിലുള്ള മൂർഖനെയാണ് പിടികൂടിയത് എന്നറിയിച്ച് അമ്പല കമ്മിറ്റി ഭാരവാഹികൾ എത്തിയത്. തുടർന്ന് കമ്മിറ്റിക്കാർ നിലമ്പൂർ നോർത്ത് ഡിവിഷൻ ഡി.എഫ്.ഒയുമായി സംസാരിച്ച് രേഖാമൂലം ഒപ്പിട്ട് നൽകിയതോടെ അസീസിന്‍റെ നേതൃത്വത്തിൽ പാമ്പിനെ മൊടവണ്ണ കുട്ടിച്ചാത്തൻകാവിൽ വിട്ടയച്ചു. ഇനി പാമ്പിന്‍റെ പരിപാലനം അമ്പല കമ്മിറ്റിക്കാണ്. ആറര അടി നീളവും 3.4 കിലോഗ്രാം തൂക്കവുമുള്ള പാമ്പാണിത്.