മലപ്പുറം: ചിക്കൻ വ്യാപാരിയെ കബളിപ്പിച്ച് ജോലിക്കാരൻ പണവുമായി കടന്നതായി പരാതി. കൊണ്ടോട്ടി സ്വദേശി കല്ലൻ റഹൂഫിന്‍റെ ഉടമസ്ഥതയിലുള്ള മൊറയൂരിലെ ചിക്കൻ കടയിൽ നിന്നാണ് ഉടമസ്ഥൻ ചമഞ്ഞ് ആളുകളിൽ നിന്ന് 35,000 രൂപ തട്ടിയെടുത്ത് ജോലിക്കാരൻ കോട്ടക്കൽ സ്വദേശി സഫ്‌വാന്‍ മുങ്ങിയത്.
ഞായറാഴ്‌ചയാണ് സംഭവം. രണ്ട് വ്യക്തികൾ മൊറയൂരിലെ ബിസ്‌മി ചിക്കൻ സ്റ്റാളിൽ കോഴി ഇറച്ചിക്ക് ഓർഡർ നൽകിയിരുന്നു. ഇവർക്ക് കോഴി ഇറച്ചി നൽകാൻ കട ഉടമ കല്ലൻ റഹൂഫ് ജോലിക്കാരൻ സഫ്‌വാനെ ചുമതലപ്പെടുത്തിയതിന് ശേഷം പുറത്തേക്ക് പോയി. ഈ സമയം ഓർഡർ നൽകിയവരെ ഫോണിൽ വിളിച്ച് ഇപ്പോൾ മുഴുവൻ പണവും കടയിൽ എത്തിച്ചു നൽകിയാൽ മാത്രമേ കോഴി ഇറച്ചിൽ നൽകൂന്ന് സഫ്‌വാന്‍ അറിയിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിൽ ഉടമയാണ് പണം ആവശ്യപ്പെട്ടത് എന്ന് തെറ്റിദ്ധരിച്ച് ഇവർ മുഴുവൻ പണവും കടയിലെത്തിച്ച് ജോലിക്കാരന്‍റെ പക്കൽ നൽകുകയായിരുന്നു.
പണം വാങ്ങുന്നതിന്‍റെ ദൃശ്യങ്ങൾ സിസി ടിവിയിൽ പതിഞ്ഞിട്ടുണ്ട്. കട ഉടമ ചമഞ്ഞ് ഇത്തരത്തിൽ രണ്ട് വ്യക്തികളിൽ നിന്നായി ഇയാൾ 35,000 രൂപ കൈപറ്റി മുങ്ങുകയായിരുന്നു. തുടർന്ന് ഇന്നലെയാണ് തങ്ങൾ കബളിപ്പിക്കപ്പെട്ട വിവരം പണം നൽകിയവരും കട ഉടമയും അറിയുന്നത്. നേരത്തേയും ജോലി ചെയ്തിരുന്ന കടകളിൽ നിന്ന് ഇത്തരത്തിൽ സഫ്‌വാന്‍ പണം തട്ടിയതായി റഹൂഫ് പറയുന്നു. ഇയാൾക്കെതിരെ കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.