മലപ്പുറം: ചെറിയ അസുഖം വരുമ്പോൾ പോലും ആശുപത്രിയിൽ പോയി ചികിത്സ തേടുന്നവർക്ക് ഇപ്പോഴത്തെ സാഹചര്യത്തിൽ ആശുപത്രിയിൽ പോകാൻ ഭയമാണ്. എന്നാൽ അത്തരത്തിലുള്ള ഭയത്തിന് പരിഹാരം കണ്ടിരിക്കുകയാണ് തവനൂർ ഗ്രാമപഞ്ചായത്ത്.
ജില്ലയിൽ ട്രിപ്പിൾ ലോക്ക് ഡൗൺ ഉൾപ്പെടെ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ കരുതൽ ഇടം എന്ന മാതൃകാ പദ്ധതിക്കാണ് ഗ്രാമപഞ്ചായത്ത് തുടക്കം കുറിച്ചത്. മരുന്നുമായി സഞ്ചരിക്കുന്ന പരിശോധന വാഹനത്തിൽ ഡോക്ടർ ഉൾപ്പെടെയുള്ള മെഡിക്കൽ സംഘം വീടുകളിലെത്തി പരിശോധന നടത്തി വേണ്ട ചികിത്സാ സൗകര്യങ്ങൾ ഒരുക്കുന്നതാണ് പദ്ധതി. സഞ്ചരിക്കുന്ന പരിശോധന വാഹനത്തിന്‍റെ ഫ്ലാഗ് ഓഫ് കെ ടി ജലീൽ എംഎൽഎ നിർവഹിച്ചു.
READ MORE: സംസ്ഥാനത്തും ബ്ലാക്ക് ഫംഗസ് ; തിരുവനന്തപുരത്ത് 7 പേര്‍ക്ക് രോഗബാധ
മറ്റു ഗ്രാമപഞ്ചായത്തുകളും ഫാമിലി ഹെൽത്ത് സെന്‍ററുകളും കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററുകളുമായി ബന്ധപ്പെട്ട് ഇത്തരത്തിൽ ഒരു പദ്ധതിക്ക് തുടക്കം കുറിക്കാൻ ശ്രമിക്കണമെന്ന് കെ ടി ജലീൽ പറഞ്ഞു. കൊവിഡ് രോഗം രൂക്ഷമായ സാഹചര്യത്തിൽ ഇത്തരം സംരംഭങ്ങൾ ജനങ്ങൾക്ക് വലിയ ആശ്വാസമാണ് നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തൃക്കണ്ണാപുരം കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിന്‍റെ സഹകരണത്തോടെയാണ് തവനൂർ ഗ്രാമപഞ്ചായത്ത് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്.