മലപ്പുറം: കാലാവസ്ഥാ വ്യതിയാനവും ആഫ്രിക്കന്‍ പായലിന്‍റെ വ്യാപനവും താമരകര്‍ഷകരെ ദുരിതത്തിലാക്കുന്നു. മലപ്പുറം ജില്ലയിലെ തിരുനാവായയിലെ വലിയ പറപ്പൂർ കായൽ പ്രദേശത്ത് കൃഷി ചെയ്യുന്ന നൂറോളം കര്‍ഷക കുടുംബങ്ങളാണ് ദുരിതമനുഭവിക്കുന്നത്.
500 ഹെക്ടറോളം സ്ഥലത്താണ് വര്‍ഷങ്ങളായി ഇവര്‍ കൃഷിയിറക്കുന്നത്. മൊട്ടിട്ട താമരകള്‍ വിരിയാന്‍ നല്ല വെയില്‍ ആവശ്യമായ സമയത്ത് കാലം തെറ്റിച്ച് വരുന്ന മഴ കര്‍ഷകര്‍ക്ക് ഭീഷണിയാകുന്നു. കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിലേക്കെല്ലാം ഇവിടെ നിന്നാണ് താമര എത്തിക്കുന്നത്. വർഷങ്ങളായി കൃഷി ചെയ്യുന്നുണ്ടെങ്കിലും സർക്കാർ ഇതുവരെ താമര കൃഷിയെ മറ്റു കൃഷികൾ പോലെ അംഗീകരിച്ചിട്ടില്ല. സർക്കാര്‍ സഹായം ലഭിക്കുന്നതിന് കർഷകർ നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലും ഫലം കണ്ടില്ല. പ്രളയത്തില്‍ കൃഷിനാശം സംഭവിച്ചവർക്ക് ഏർപ്പെടുത്തിയ സഹായം തിരുനാവായയിലെ താമര കർഷകർക്ക് ലഭിച്ചിരുന്നില്ല.