ന്യൂഡൽഹി : വന്ദേ ഭാരത് ട്രെയിനിന് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീംകോടതി തള്ളി. ഇത് സ്റ്റോപ്പ് തീരുമാനിക്കേണ്ടത് റെയിൽവേ ആണെന്നും സുപ്രീംകോടതി അല്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി സുപ്രീംകോടതി തള്ളിയത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി എസ് നരസിംഹ, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്.
മലപ്പുറം തിരൂർ സ്വദേശിയായ പിടി ഷീജിഷാണ് സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചത്. കേരളത്തിലെ തിരൂർ റെയിൽവേ സ്‌റ്റേഷനിൽ വന്ദേ ഭാരത് ട്രെയിനിന് സ്റ്റോപ്പുണ്ടെന്ന് ഉറപ്പാക്കാൻ കേന്ദ്രസർക്കാരിന് നിർദേശം നൽകണമെന്നായിരുന്നു പൊതുതാൽപര്യ ഹർജിയിലെ ആവശ്യം. തിരൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിലും ഹർജി സമർപ്പിച്ചിരുന്നു. ഈ ആവശ്യം ഹൈക്കോടതി തള്ളുകയായിരുന്നു.
ട്രെയിനുകൾക്ക് എവിടെയൊക്കെ സ്റ്റോപ്പ് വേണമെന്ന് തീരുമാനിക്കാനുള്ള അധികാരം റെയിൽവേക്കാണെന്ന് ഹർജി തള്ളിക്കൊണ്ട് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിൽ കോടതിക്ക് ഇടപെടാനാകില്ലെന്നും ഹൈക്കോടതി വിലയിരുത്തിയിരുന്നു. ജസ്‌റ്റിസുമാരായ ബച്ചു കുര്യൻ തോമസ്, സി ജയചന്ദ്രൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബഞ്ചാണ് പി ടി ഷീജിഷ് സമർപ്പിച്ച ഹർജി തള്ളിയത്.
ജനസാന്ദ്രത ഏറെയുള്ള മലപ്പുറം ജില്ലയിൽ വന്ദേ ഭാരതിന് സ്‌റ്റോപ്പ് അനുവദിക്കാത്തത് നീതികേടാണെന്നും തിരൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹർജി. എന്നാൽ ഹർജിയിൽ വാദം കേട്ട കോടതി ആവശ്യം നീതീകരിക്കാനാകാത്തതാണ് എന്നും ഓരോ ജില്ലയിലുള്ളവരും ഇത്തരം ആവശ്യങ്ങൾ ഉന്നയിച്ചാൽ വന്ദേ ഭാരത് പോലെയുള്ള അതിവേഗ ട്രെയിനുകളുടെ ഉദ്ദേശ ലക്ഷ്യം ഇല്ലാതെയാകും എന്നും നിരീക്ഷിച്ചു. ട്രെയിനുകൾക്ക് എവിടെയൊക്കെ സ്‌റ്റോപ്പ് അനുവദിക്കണമെന്നുള്ളത് റെയിൽവെയുടെ വിവേചനാധികാരത്തിൽ പെടുന്നതാണെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
കേന്ദ്ര റെയില്‍വേ മന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത് : തിരൂരും തിരുവല്ലയിലും വന്ദേ ഭാരത് ട്രെയിനിന് സ്‌റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചിരുന്നു. കേരളത്തിന്‍റെ വടക്കും മധ്യഭാഗത്തും സ്ഥിതി ചെയ്യുന്ന ഈ സ്‌റ്റേഷനുകളുടെ പ്രാധാന്യവും പ്രസക്തിയും സൂചിപ്പിച്ചുകൊണ്ടാണ് കേന്ദ്രമന്ത്രി അശ്വനി വൈഷ്‌ണവിന് കത്തയച്ചത്.
തിരുവല്ല, തിരൂര്‍ സ്‌റ്റേഷനുകളില്‍ നിന്ന് നിരവധി പേർ നിത്യവും വിവിധ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നുവെന്നും അതിനാല്‍ റെയില്‍വേയ്‌ക്ക് വരുമാനം കൂട്ടാന്‍ ഇടയാക്കുന്ന ഈ രണ്ട് സ്‌റ്റേഷനിലും സ്റ്റോപ്പ് അനുവദിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു.
വന്ദേഭാരതിന്‍റെ പരീക്ഷണ ഓട്ടത്തില്‍ ആദ്യം തിരൂരില്‍ സ്‌റ്റോപ്പ് അനുവദിച്ചിരുന്നു. എന്നാൽ, പിന്നീട് തിരൂരിലെ സ്‌റ്റോപ്പ് റദ്ദാക്കി. ഷൊര്‍ണൂരില്‍ സ്‌റ്റോപ്പ് അനുവദിച്ചതോടെയാണ് തിരൂരിലെ സ്റ്റോപ്പ് റദ്ദാക്കിയത്. വന്ദേഭാരത് കേരളത്തിൽ വരുന്നതിന് മുന്നോടിയായി അനുവദിച്ച സ്‌റ്റോപ്പുകളില്‍ ഷൊര്‍ണൂര്‍ ഉണ്ടായിരുന്നില്ല.
പുതിയ സ്‌റ്റോപ്പുകള്‍ എന്തിന്? പാലക്കാട്, കോയമ്പത്തൂര്‍, നിലമ്പൂര്‍ മേഖലകളിലേക്ക് യാത്ര ചെയ്യുന്നവർക്ക് സൗകര്യപ്രദമായ സ്‌റ്റോപ്പ് എന്ന നിലയിൽ ഷൊര്‍ണൂരും ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലുള്ളവർക്ക് തിരുവല്ലയിലും സ്‌റ്റോപ്പ് എന്നായിരുന്നു ആദ്യ ഘട്ടത്തിൽ ഉയർന്ന ആവശ്യം. എന്നാല്‍, ട്രെയിന്‍ സ്ഥിര സര്‍വീസ് ആരംഭിച്ചപ്പോള്‍ തിരൂര്‍ സ്റ്റോപ്പിലാതാകുകയും ഷൊര്‍ണൂരിൽ സ്റ്റോപ്പ് വരികയും ചെയ്‌തു. പിന്നാലെ, തിരൂരിലെ സ്‌റ്റോപ്പ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യം ഉയരുകയായിരുന്നു.