മലപ്പുറം: ചാലിപാടത്ത് നെൽകൃഷിയിൽ നൂറു മേനി കൊയ്ത് കീഴുപറമ്പ് ഗവ. വൊക്കേഷണൽ ഹയർ സെക്കന്‍ഡറി സ്‌കൂൾ എൻ.എസ്.എസ് വിദ്യാർഥികൾ. ആവേശകരമായ കൊയ്ത്തുത്സവം ഗ്രാമപഞ്ചായത്ത് മെമ്പർ ജസ്‌ന മുഹമ്മദ് ഉദ്ഘാടനം ചെയ്‌തു. തികച്ചും ജൈവ മാർഗത്തിലൂടെ കൃഷിചെയ്യുന്ന നെല്ല് 'ശ്രേഷ്‌ഠ' എന്ന ബ്രാന്‍ഡില്‍ തവിട് നീക്കം ചെയ്യാത്ത അരി ഇവര്‍ വിപണിയില്‍ എത്തിക്കുന്നു. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് വിദ്യാര്‍ഥികള്‍ കൃഷിയിറക്കുന്നത്.
കീഴുപറമ്പ് ഗ്രാമപഞ്ചായത്തിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് കൃഷി നടത്തുന്നത്. കർഷകനായ പുളക്കാടൻ മുഹമ്മദ് കുട്ടിയാണ് വിദ്യാർഥികൾക്ക് ഗുരു. കറ്റമെതിക്കാനും നെല്ലും പതിരും വേര്‍തിരിക്കാനുമെല്ലാം ഇവര്‍ പഠിച്ചു കഴിഞ്ഞു. വിദ്യാർഥികളിൽ കാർഷിക സംസ്‌കാരം വളർത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് എൻ.എസ്.എസ് കോർഡിനേറ്റർ പി.ആർ രാജീവ് പറഞ്ഞു. പി.ടി.എ. പ്രസിഡന്‍റ് എം.ഇ. ഫസൽ, എസ്.എം.സി ചെയർമാൻ എം.എം. മുഹമ്മദ്, പി.ടി.എ വൈസ് പ്രസിഡന്‍റ് എ.വി. സുധീർ, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ രാജീവ് പി.ആർ. എന്നിവർ സംസാരിച്ചു.