മലപ്പുറം: ക്ലാസ്‌മുറിയില്‍ വീണ് വിദ്യാർഥിക്ക് പരിക്കേറ്റ സംഭവത്തില്‍ സ്‌കൂളധികൃതര്‍ ആശുപത്രിയിലെത്തിച്ചില്ലെന്ന പരാതിയില്‍ പ്രതിഷേധം ശക്തമാകുന്നു. കീഴുപറമ്പ് ജി.വി.എച്ച്.എസ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ടാണ് സ്‌കൂള്‍ അധികൃതര്‍ അപകടം പറ്റിയ കുട്ടിയെ വീട്ടുകാരെ വരുത്തി ബൈക്കിൽ പറഞ്ഞയച്ചത്. അവശയായി വീട്ടിലെത്തിയ കുട്ടിയെ രക്ഷിതാക്കൾ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോൾ തോളെല്ല് പൊട്ടിയ നിലയിലായിരുന്നു. ഇതോടെ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ പ്രതിഷേധം ശക്തമായി. സ്‌കൂളിലേക്ക് കീഴുപറമ്പ് പഞ്ചായത്ത് എം.എസ്.എഫ് കമ്മിറ്റി പ്രതിഷേധ മാർച്ച് നടത്തി.
വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിൽ നിന്ന് സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ഡി.ഡി.ഇ ഇന്ന് ഉച്ചയോടെ സ്‌കൂൾ സന്ദർശിക്കും. അരീക്കോട് പൊലീസും സ്‌പെഷ്യൽ ബ്രാഞ്ചും സ്കൂളിലെത്തി വിവരം ശേഖരിച്ചു. സ്‌കൂൾ പി.ടി.എ ചേർന്ന് അധ്യാപികയെ സസ്പെന്‍റ് ചെയ്തതായാണ് വിവരം. കുറ്റം സമ്മതിച്ച സ്‌കൂൾ അധികൃതർ പ്രതികരിക്കാനില്ലെന്ന് അറിയിച്ചു. ആറു മാസമായി ദിവസ വേതനത്തില്‍ ജോലി ചെയ്യുന്ന അധ്യാപിക എങ്ങനെ ക്ലാസ് ടീച്ചറായി എന്നും നാട്ടുകാർ ചോദിക്കുന്നു. തോളെല്ല് പൊട്ടിയ കുട്ടിക്ക് വിദഗ്‌ധ ചികിൽസ വേണ്ടി വരുന്ന അവസ്ഥയാണുള്ളത്. പൂർവ്വ വിദ്യാർഥികളും പ്രതിഷേധവുമായി എത്തി.