മലപ്പുറം: ആദിവാസി ബാലന്‍റെ കൈ മാറി പ്ലാസ്‌റ്റർ ഇട്ട സംഭവത്തിൽ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് ആശുപത്രിക്ക് മുൻപിൽ സമരം നടത്തി. ദളിത് ഭീം ആദ്‌മി ഏകതാ മിഷന്‍റെ നേതൃത്വത്തിലാണ് നിലമ്പൂര്‍ ജില്ലാ ആശുപത്രിക്ക് മുൻപിൽ സമരം നടത്തിയത്.
കഴിഞ്ഞ ദിവസം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലാണ് സംഭവം. ചുങ്കത്തറ നെല്ലിപ്പൊയില്‍ കോളനിയിലെ ചന്ദ്രന്‍റെ മകന്‍ വിമലിന്‍റെ(ആറ്) വലതു കൈക്ക് വീണു ചതവു പറ്റിയതിനെ തുടര്‍ന്നാണ് ജില്ലാ ആശുപത്രിയിലെത്തിച്ചത്. എന്നാൽ ആശുപത്രിയില്‍ നിന്ന് ഇടതു കൈക്കാണ് പ്ലാസ്‌റ്റർ ഇട്ടത്. വീട്ടിലെത്തിയപ്പോഴും കുട്ടിക്ക് കൈക്ക് വേദന അനുഭവപ്പെട്ടപ്പോഴാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടത്.
തുടര്‍ന്ന് ജില്ലാ ആശുപത്രിയിലെത്തി വലതു കൈക്ക് തന്നെ പ്ലാസ്‌റ്റർ ഇടുകയായിരുന്നു. ദളിത് ഭീം ആദ്‌മി ഏകതാ മിഷൻ പ്രവര്‍ത്തകര്‍ ജില്ലാ ആശുപത്രിക്ക് മുൻപിൽ നടത്തിയ സമരത്തില്‍ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്‍റ് സി.എം. അനില്‍, ജില്ലാ പ്രസിഡന്‍റ് അനീഷ് മരുത, ജില്ലാ സെക്രട്ടറി രവി മരുത തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ക്ക് നിവേദനവും നല്‍കി. സംഭവം ആവര്‍ത്തിക്കില്ലെന്നും നഷ്ടപരിഹാരം നല്‍കാമെന്നും അധികൃതർ പറഞ്ഞതായി പ്രസിഡന്‍റ് സി.എം. അനില്‍ അറിയിച്ചു.