മലപ്പുറം: നിലമ്പൂരിലെ പ്രളയ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഇ. ശ്രീധരന്റെ നേതൃത്വത്തില്‍ സാങ്കേതിക വിദഗ്ദരും ശാസ്ത്രജ്ഞരുമടങ്ങുന്ന വിദഗ്ദസമിതിയുടെ മാര്‍ഗനിര്‍ദ്ദേശ പ്രകാരമായിരിക്കണമെന്ന് മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ്. കഴിഞ്ഞവര്‍ഷത്തെ പ്രളയത്തിലും ഉരുള്‍പൊട്ടലിലും വീടുനഷ്ടപ്പെട്ടവര്‍ക്ക് ഇതുവരെയും ഒരുവീടുപോലും ലഭിക്കാത്ത സാഹചര്യത്തില്‍ നിലമ്പൂരില്‍ പ്രളയ പുനരധിവാസത്തിന് പ്രത്യേക പാക്കേജ് തന്നെ സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇക്കാര്യത്തില്‍ സര്‍ക്കാരിന് എല്ലാവിധ പിന്തുണയും കോണ്‍ഗ്രസ് നല്‍കുമെന്നും ആര്യാടന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തിന്റെ വാര്‍ഷിക ദിനത്തിലാണ് നിലമ്പൂരില്‍ വീണ്ടും പ്രളയമെത്തിയത്. ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയത്തിനും ഉരുള്‍പൊട്ടിലിനുമാണ് സാക്ഷ്യം വഹിച്ചത്. പലയിടത്തും ദുരന്തഭീഷണിയുണ്ട്. അതിനാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിദഗ്ദസമിതിയുടെ പഠനത്തിന്‍റെയും മാര്‍ഗനിര്‍ദേശത്തിന്‍റെയും അടിസ്ഥാനത്തിലാകണം. വീടുകളും പാലങ്ങളും റോഡുകളും നിര്‍മിക്കുന്നതടക്കം യുദ്ധകാലാടിസ്ഥാനത്തില്‍ നടക്കേണ്ടതുണ്ട്.
പ്രളയത്തില്‍ ഉള്‍കാടുകളിലേക്കു പോയ ചോലനായ്ക്കര്‍ ഉള്‍പ്പെടുന്ന ആദിവാസി സമൂഹം ഇതുവരെയും മടങ്ങിയെത്തിയിട്ടില്ല. പ്രളയത്തെ ജാതി, മത രാഷ്ട്രീയത്തിനപ്പുറം ഒറ്റ മനസോടെയാണ് നിലമ്പൂര്‍ നേരിട്ടതെന്നും പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന് എല്ലാവിധ പിന്തുണയും സഹായവും ഉറപ്പുനല്‍കുന്നതായും ആര്യാടന്‍ പറഞ്ഞു.