മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ എറണാകുളം സ്വദേശി അറസ്റ്റില്‍. ഒതുക്കുങ്ങല്‍ മറ്റത്തൂര്‍ മുനമ്പത്ത് വാടക വീട്ടിൽ താമസക്കാരനായ ബെന്നിക്കോയ(55)യെ കോട്ടക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയുടെ വീടിനടുത്ത് രക്ഷിതാക്കള്‍ക്കൊപ്പം വാടകക്ക് താമസിക്കുന്ന 11കാരിയെ മാസങ്ങളായി ഇയാള്‍ പീഡിപ്പിച്ചുവെന്നാണ് പരാതി.
ചൈല്‍ഡ് ലൈനിന് കിട്ടിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ചൈല്‍ഡ് ലൈനും പൊലീസും നടത്തിയ അന്വേഷണത്തില്‍ പരാതി ശരിയാണെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. സജീവ സി.പി.എം പ്രവര്‍ത്തകനും യുക്തിവാദിയുമായ ഇയാളുടെ അറസ്റ്റ് വൈകിപ്പിക്കാന്‍ ഉന്നത തല ഇടപെടല്‍ ഉണ്ടായിരുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. ഇതര സംസ്ഥാനക്കാരായ കുട്ടിയുടെ രക്ഷിതാക്കളെ സ്വാധീനിച്ച് മൊഴിമാറ്റാനുള്ള ശ്രമം നടന്നിരുന്നതായും പരാതിയുണ്ട്. പൊതുപ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്നാണ് ഈ നീക്കം പൊളിഞ്ഞത്.
ഇതര സംസ്ഥാനക്കാരിയായ കുട്ടിയുടെ മൊഴി ശക്തമായതോടെ പൊലീസിന് അറസ്റ്റ് ഒഴിവാക്കാനായില്ല. കേസില്‍ നിസാര വകുപ്പ് ചുമത്തി പ്രതിയെ രക്ഷിക്കാന്‍ നീക്കം നടക്കുന്നതായി ആരോപണമുയര്‍ന്നിട്ടുണ്ട്. പ്രതിക്ക് മന്ത്രി ജലീല്‍, പി.കെ. ശ്രീമതി അടക്കമുള്ള ഉന്നത സി.പി.എം നേതാക്കളുമായുള്ള ബന്ധം സ്ഥിരീകരിക്കുന്ന തരത്തിലുള്ള വിവിധ ഫോട്ടോകളും പുറത്ത് വന്നിട്ടുണ്ട്. മലപ്പുറം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.