മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളജില്‍ നാല് ഡോക്‌ടര്‍മാര്‍ക്കടക്കം ആറു പേര്‍ക്ക് കൂടി കൊവിഡ്. നാല് ഡോക്‌ടര്‍മാര്‍, സ്റ്റാഫ് നഴ്‌സ്, നഴ്‌സിങ് അസിസ്റ്റന്റ് എന്നിവര്‍ക്കാണ് രോഗം ബാധിച്ചത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കുമോയെന്ന ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്കപട്ടികയിലുള്ള മറ്റ് മൂന്ന് ഡോക്‌ടര്‍മാര്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു.
കഴിഞ്ഞ ദിവസം ആശുപത്രിയിലെ നാല് ഹൗസ് സര്‍ജന്മാര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. കൊവിഡ് ഐ.സി.യുവില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റാഫ് നഴ്‌സിനും രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ നടത്തിയ പരിശോധനയിലാണ് ഹൗസ് സര്‍ജന്മാര്‍ക്ക് വൈറസ് ബാധ കണ്ടെത്തിയത്. കഴിഞ്ഞ നാല് ദിവസത്തിനിടെ 26 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. ആരോഗ്യ പ്രവർത്തകരിൽ രോഗം ബാധിക്കുന്ന സാഹചര്യത്തിൽ ഇതിന് പകരം സംവിധാനം ഉണ്ടാക്കിയതായി ജില്ല മെഡിക്കൽ ഓഫീസ് അറിയിച്ചു.