മലപ്പുറം: സിദ്ദിഖിനും സുനീറക്കും ദുരിത ജീവിതം, സങ്കേതിക തടസവാദങ്ങളുടെ പട്ടിക നിരത്തി അധികൃതർ, വഴിക്കടവ് പഞ്ചായത്തിലെ പുന്നക്കലിൽ താമസിക്കുന്ന നാണത്ത് സിദ്ദിഖിനും, സുനീറക്കും മൂന്നു മക്കൾക്കും ഈ പെരുമഴകാലത്ത് നനയാതെ കിടക്കാൻ ഒരു വീട് വേണം. കഴിഞ്ഞ 6 വർഷമായി വഴിക്കടവ് പഞ്ചായത്ത് ഓഫീസിൽ കയറിയിറങ്ങുകയാണ് ഈ സാധു കുടുംബം. ഇവരുടെ ഇന്നത്തെ ജീവിതം നേരിൽ കാണുന്നമെങ്കിൽ പുന്നക്കലിൽ പ്ലാസ്റ്റിക്കും തെങ്ങ് ഓലകൾ കൊണ്ടും മേൽകൂര മേഞ്ഞ് തകരഷീറ്റുകൊണ്ട് മറച്ച കുടിലിൽ എത്തണം.
രണ്ട് പഴയ കട്ടിലുകൾ കൂട്ടിയിട്ടാണ് 3 മക്കളും ഇവരും അടങ്ങുന്ന 5 അംഗങ്ങൾ കിടന്ന് ഉറങ്ങുന്നത്. മഴ പെയ്താൽ ഒരു തുള്ളി വെള്ളം പുറത്ത് പോകാത്ത അവസ്ഥയാണ്. പ്ലസ് ടുവിലും,9 തിലും പഠിക്കുന്ന രണ്ട് ആൺക്കുട്ടികളും ആറാം ക്ലാസിൽ പഠിക്കുന്ന പെൺക്കുട്ടിയും പാഠപുസ്‌തകങ്ങൾ നനയുമ്പോൾ കരയുന്ന കാഴ്ച്ച കാണാനാവില്ലെന്ന് മാതാവ് സൂനീറ പറയുന്നു.
ആദ്യം റേഷൻ കാർഡിന്‍റെ കാര്യം പറഞ്ഞ് വീട് നിഷേധിച്ചു. ഇപ്പോൾ റേഷൻകാർഡ് ലഭിച്ചപ്പോൾ എ.പി.എൽ കാർഡും. ഓരോ പ്രാവിശ്യവും വീടിനായി പഞ്ചായത്തിൽ അപേക്ഷ നൽകുപ്പോൾ ശരിയാക്കി തരാമെന്ന വാർഡ് മെമ്പറുടെ വാഗ്ദാനം പതിവായി തുടരുന്നു. 8 വർഷം മുൻപ് സ്ഥലസൗകര്യമില്ലാത്തതിനാൽ ഒന്നേകാൽ ലക്ഷം രൂപ നൽകി രണ്ടര സെന്റ് സ്ഥലവും മണ്ണ കട്ട കൊണ്ട് നിർമ്മിച്ച പഴയ വീടും വാങ്ങി എന്നാൽ രണ്ട് വർഷത്തിനുളളിൽ ഈ വീട് നിലംപൊത്തി ഇവിടെയാണ് കഴിഞ്ഞ 6 വർഷമായി ഷെഡ് കെട്ടി ഈ നിർധന കുടുംബം കഴിയുന്നത്.
സുനീറക്ക് ശ്വാസമുട്ടലിന്‍റെ അസുഖമുള്ളതിനാൽ പണിക്ക് പോകാനും കഴിയില്ല. കൂലിവേല ചെയത് സിദ്ദിഖിന് കിട്ടുന്ന വരുമാനം മാത്രമാണ് ഈ കുടുംബത്തിന്റെ ഏക വരുമാനം. സിദ്ദിഖിന് പണിയില്ലാത്ത ദിവസങ്ങളിൽ അടുപ്പിൽ തീ പുകയാത്ത അവസ്ഥയുമാണ്. അധികൃതർ സങ്കേതിക തടസങ്ങൾ ഒഴിവാക്കി ഈ കുടുംബത്തിന് വീട് ഒരുക്കാൻ തയ്യാറാകണം. മനസിൽ നന്മ വറ്റാത്ത കുറെ നല്ല മനുഷ്യരുടെ നാട്ടിൽ നിന്നും തങ്ങൾക്ക് ഒരു വീട് നിർമിച്ച് നൽകാൻ ആരെങ്കിലും വരുമെന്ന പ്രതീക്ഷയിലാണ് സിദ്ദിഖും കുടുംബവും.