മലപ്പുറം: മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പൻ വീട്ടിലെത്തി. കഴിഞ്ഞ ദിവസമാണ് കിടപ്പിലായ മാതാവിനെ കാണാനായി സുപ്രീം കോടതി സിദ്ദിഖ് കാപ്പന് ഇടക്കാല ജാമ്യം അനുവദിച്ചത്. കർശന ഉപാധികളോടെയാണ് കോടതി അഞ്ച് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചത്.
ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു കനത്ത പൊലീസ് സുരക്ഷയിൽ വേങ്ങരയിലെ വീട്ടിൽ സിദ്ദിഖ് കാപ്പൻ എത്തിയത്. 90 വയസുകഴിഞ്ഞ് കിടപ്പിലായ മാതാവിന്‍റെ ആരോഗ്യനില പരിഗണിച്ച് സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെ.യു.ഡബ്ല്യൂ.ജെ ആണ് സുപ്രീം കോടതിയെ സമീപിച്ചത്. മാതാവ് ഖതീജ കുട്ടിയുടെ ആരോഗ്യം ദിനംപ്രതി ക്ഷയിക്കുകയാണെന്നും ബോധം വീണ്ടെടുക്കുമ്പോളൊക്കെ മകനായ സിദ്ദിഖ് കാപ്പനെ അന്വേഷിക്കുമെന്നും ഹർജിയിൽ വ്യക്തമാക്കിയിരുന്നു. ഇതിനെ തുടർന്നാണ് ഇടക്കാല ജാമ്യം അനുവദിച്ച് ഉത്തരവായത്.
മാധ്യമങ്ങളെ കാണരുതെന്നും മാതാവിനെയും അടുത്ത ബന്ധുക്കളെയും മാത്രമെ കാണാവൂ എന്നടക്കമുള്ള കർശന നിർദേശങ്ങളോടെയാണ് കോടതി ജാമ്യം നൽകിയത്. ഹത്രാസ് പീഡനം റിപ്പോർട്ട് ചെയ്യാൻ എത്തിയപ്പോളായിരുന്നു സിദ്ദിഖ് കാപ്പനെ യുപി പൊലീസ് അറസ്റ്റ് ചെയ്‌തത്.