മലപ്പുറം: പോസിറ്റിവിറ്റി നിരക്ക് കുറവുള്ള സ്ഥലങ്ങളില്‍ ആരാധനാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി. പ്രാദേശിക തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ടി.പി.ആര്‍ അനുസരിച്ച് ഇളവുകള്‍ പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തിൽ ആരാധനാലയങ്ങളും തുറക്കാൻ അനുവധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കൊവിഡ് പശ്ചാത്തലത്തില്‍ സര്‍ക്കാരും ആരോഗ്യ പ്രവര്‍ത്തകരും നിര്‍ദേശിച്ച മുഴുവന്‍ കാര്യങ്ങളും പൂര്‍ണമായും ഉള്‍ക്കൊണ്ടവരാണ് വിശ്വാസികള്‍. അതിനാൽ വിവിധ മേഖലകളില്‍ ഉപാധികളോടെ ഇളവ് നല്‍കിയതുപോലെ ആരാധനാലയങ്ങളുടെ വിഷയത്തിലും ഇളവ് നല്‍കണമെന്ന് ബുഖാരി ആവശ്യപ്പെട്ടു.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആരാധനാ കര്‍മങ്ങള്‍ നടത്താന്‍ അവസരമൊരുക്കണമെന്നും വെള്ളിയാഴ്ച ജുമുഅ നിസ്‌കാരത്തിന് 40 പേര്‍ക്കെങ്കിലും അനുമതി നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ALSO READ: ലിഫ്റ്റ് തകര്‍ന്ന് യുവതിയുടെ മരണം; യുവതിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കും
പള്ളിയില്‍ വരുന്ന വിശ്വാസി കൃത്യമായും ആരോഗ്യ സംരക്ഷണം നടത്തിയാണ് വീട്ടില്‍ നിന്ന് ഇറങ്ങുന്നത്. അംഗസ്‌നാനമടക്കമുള്ള കാര്യങ്ങള്‍ വീട്ടില്‍ നിര്‍വഹിച്ച് നിസ്‌കരിക്കാനുള്ള വിരിയടക്കം വിശ്വാസികള്‍ സ്വന്തമായി കൊണ്ട് വരുന്ന രീതിയാണുള്ളത്.
ഒരു മാസത്തിലേറെയായി പൂട്ടിയിട്ട ആരാധനാലയങ്ങളില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിനാളുകള്‍ കഷ്ടപ്പെടുന്ന അവസ്ഥയാണ്. അതിനാൽ ആരാധനാലയങ്ങളുടെ വലുപ്പത്തിനനുസരിച്ച് വരുന്നവരുടെ എണ്ണം നിജപ്പെടുത്തി ആരാധനാലയങ്ങള്‍ പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.