മലപ്പുറം: ചിങ്കക്കല്ല് ആദിവാസി കോളനിയിലെ ശങ്കരനെ വീണ്ടും ദുരിതക്കടലിലാഴ്ത്തി ഏക സമ്പാദ്യമായിരുന്ന വീട് തകർന്നു വീണു. ബുധനാഴ്ച രാത്രി 8 മണിയോടെയാണ് സംഭവം. അപകടത്തിൽ നിന്ന് ശങ്കരനും ഭാര്യയും മൂന്ന് കുട്ടികളും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
പതിനഞ്ച് വർഷം മുമ്പ് പഞ്ചായത്ത് ഫണ്ടുപയോഗിച്ച് നിർമ്മിച്ചതാണ് ശങ്കരന്‍റെ വീട്. എന്നാൽ നിർമ്മാണത്തിലെ അശാസ്ത്രീയത കാരണം മൂന്നു വർഷത്തോളമായി ചുമർ ഒരടിയോളം വീതിയിൽ വിണ്ടുകീറി ഏത് നിമിഷവും തകർന്നു വീഴാവുന്ന അവസ്ഥയിലാണ് നിന്നിരുന്നത്. ഇത് അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നെങ്കിലും ആരും തിരിഞ്ഞു നോക്കിയിരുന്നില്ല. അതിനിടെയാണ് വീടിന്‍റെ ഒരു ഭാഗത്തെ ചുമർ പാടെ തകർന്നു വീണത്. ഇപ്പോഴും ഈ കുടുംബം വീടിന്‍റെ മറ്റൊരു ഭാഗത്ത് താമസിക്കുകയാണ്.
READ MORE: പൊന്നാനിയിൽ കടലാക്രമണം രൂക്ഷം; ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു
തൊട്ടടുത്ത് താമസിക്കുന്ന മാതൻ കുട്ടിയുടെ വീടും ഇതേ അവസ്ഥയിലാണ്. ഈ വീടും തറയുടെ കല്ലുകളകി ചുമരിനും നിലത്തും വിള്ളൽ വീണ് അപകടാവസ്ഥയിലാണുള്ളത്. മനോരോഗിയായ മാതൻ കുട്ടിയും ഭാര്യ ചാത്തിയുമാണ് ഈ വീട്ടിൽ കഴിയുന്നത്. ചാത്തൻ കുട്ടിയുടെ വീട്ടിലെ വൈദ്യുതി രണ്ടു വർഷമായി കെഎസ്ഇബി വിഛേദിച്ചിരിക്കുകയാണ്. രണ്ടു വീടുകളുടെയും അപകടാവസ്ഥ നേരത്തെ അധികൃതരെ അറിയിച്ചിട്ടുണ്ടെങ്കിലും അവർ മൗനം പാലിക്കുകയാണ്.