മലപ്പുറം: സൈക്കിൾ ചവിട്ടാനുള്ള ബിയോളിന്‍റെയും ബിയോണിന്‍റെയും ആഗ്രഹം ഇനിയും ബാക്കിയാണ്. അതില്‍ അവർക്ക് സങ്കടമില്ല കാരണം, സൈക്കിൾ വാങ്ങാൻ സ്വരൂപിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമ്പോൾ കുരുന്നുകൾക്ക് സന്തോഷം ഇരട്ടിയാണ്. മലപ്പുറം ജില്ലയിലെ മൂലേപ്പാടം സ്വദേശി ബിനുവിന്‍റെ മകളായ ബിയോണും ബിയോളും നിലമ്പൂർ ലിറ്റില്‍ ഫ്ലവർ സ്‌കൂളിലെ രണ്ട്, നാല് ക്ലാസ് വിദ്യാർഥിനികളാണ്. ബിയോണിന്‍റെ എട്ടാം ജന്മദിനത്തിലാണ് സാമ്പാദ്യമായി സൂക്ഷിച്ചിരുന്ന 8107 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയത്.
കഴിഞ്ഞ മൂന്ന് വർഷമായി മാതാപിതാക്കൾ നല്‍കിയ നാണയ തുട്ടുകൾ കൂട്ടിവെച്ചത് ബിയോണിന്‍റെ എട്ടാം ജന്മദിനത്തില്‍ സൈക്കിൾ വാങ്ങാനായിരുന്നു. എന്നാല്‍ ലോകം മുഴുവൻ കൊവിഡ് ദുരിതത്തില്‍ ബുദ്ധിമുട്ടുമ്പോൾ സൈക്കിളിനേക്കാൾ ആവശ്യം അവരെ സഹായിക്കുകയാണെന്ന് ഇവർ തിരിച്ചറിഞ്ഞു. ആവശ്യം മാതാപിതാക്കളായ ബിനുവിനെയും ഷിബിയെയും അറിയിച്ചതോടെ അവരും പിന്തുണ നല്‍കി. സാമ്പാദ്യമായി സ്വരൂപിച്ച നാണയ തുട്ടുകൾ എണ്ണി തിട്ടപ്പെടുത്തിയപ്പോൾ 8,107 രൂപ ലഭിച്ചു. സൈക്കിളിനേക്കാൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം നല്‍കുകയാണ് ഇപ്പോൾ ആവശ്യമെന്ന് രണ്ടാം ക്ലാസുകാരി ബിയോൺ പറയുന്നു. സഹായം നല്‍കാൻ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ബിയോളും പറഞ്ഞു. നാണയം എണ്ണിത്തിട്ടപ്പെടുത്താൻ ഇവരുടെ കുഞ്ഞുസഹോദരി ബിയോയും ഒപ്പമുണ്ടായിരുന്നു.