മലപ്പുറം: ആദ്യമായി ഇ- വോട്ടിങ് ചെയ്ത ആവേശത്തിലാണ് മലപ്പുറം താനൂർ ദേവധാർ ഗവ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ. മലപ്പുറം സ്കൂൾ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ കൈറ്റ്സിന്‍റ വോട്ടിങ് യന്ത്രം ഉപയോഗിച്ചാണ് ബാലറ്റ് യൂണിറ്റും കൺട്രോൾ യൂണിറ്റുമെല്ലാമുള്ള ഹൈടെക് തെരഞ്ഞെടുപ്പ് നടന്നത്.
2019-2020 അധ്യയന വർഷത്തെ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് തുടക്കം മുതൽ അവസാനം ഫലപ്രഖ്യാപനം വരെ എല്ലാ തികച്ചും ഹൈടെക് ആയിരുന്നു. മലയാളം മീഡിയത്തിൽ സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന ദേവധാർ സ്കൂളിൽ 79 ക്ലാസുകളിലേക്കായിരുന്നു തെരഞ്ഞെടുപ്പ്. വോട്ടെടുപ്പിന്‍റെ എല്ലാ ഘട്ടങ്ങളും പിന്തുടർന്നായിരുന്നു തെഞ്ഞെടുപ്പ് നടന്നത്. വോട്ടർമാരുടെ വോട്ടർപട്ടിക ആദ്യം തന്നെ പ്രസിദ്ധീകരിച്ചു. 306 സ്ഥാനാർഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. മീറ്റ് ദ കാൻഡിഡേറ്റ് പരിപാടിയോടെ പരസ്യപ്രചരണം അവസാനിപ്പിച്ചു.
പോളിങ് ഓഫീസർമാരായി കുട്ടികൾ തന്നെയാണ് തെരഞ്ഞെടുപ്പ് ജോലി ചെയ്തത്. പ്രിസൈഡിംഗ് ഓഫീസർ, ഒന്നും രണ്ടും മൂന്നും പോളിങ് ഓഫീസറുമാണ് 20 ബൂത്തുകളിൽ തെരഞ്ഞെടുപ്പ് ജോലികൾ നിർവഹിച്ചത്. കൺട്രോൾ യൂണിറ്റായി ലാപ്ടോപ്പും, ബാലറ്റ് യൂണിറ്റായി മൊബൈൽഫോണും ഉപയോഗിച്ചു. സാങ്കേതിക തകരാറുകൾ കാര്യമായി ഒന്നും ഇല്ലാതെ വിജയകരമായാണ് തെരഞ്ഞെടുപ്പ് പൂർത്തിയാക്കിയത്. വോട്ട് ചെയ്തവരുടെ ഇടതു ചൂണ്ടുവിരലിൽ മഷിയും പുരട്ടി. സ്റ്റുഡന്‍റ് പൊലീസ് കേഡറ്റുകളായിരുന്നു തെരഞ്ഞെടുപ്പ് ക്രമസമാധാന ജോലികൾ നിർവഹിച്ചത്. പെൺകുട്ടികൾ മാത്രം ഉദ്യോഗസ്ഥരായിട്ടുള്ള സ്ത്രീ സൗഹൃദ ബൂത്തുകളും ക്രമീകരിച്ചിരുന്നു. 99 ശതമാനം വോട്ടർമാരും വോട്ട് രേഖപ്പെടുത്തി. പ്രത്യേകം സജ്ജീകരിച്ച വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ആയിരുന്നു ലീഡ് നില മാറിമറിഞ്ഞ ഫല പ്രഖ്യാപനം നടത്തിയത്. സ്കൂൾ പ്രിൻസിപ്പൽ എം ഗണേശൻ നിരീക്ഷകനായി. അത്യാധുനിക തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ കുട്ടികൾക്ക് പരിചയപെടുത്തിയ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് ആവേശകരവും, മാതൃകാപരവുമായിരുന്നു. സാമൂഹ്യശാസ്ത്ര ക്ലബ്ബാണ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.