മലപ്പുറം: 110 പശുക്കൾ, ഒരു ദിവസം ലഭിക്കുന്നത് 1100 ലിറ്റർ പാൽ. നാല്‍പത് വർഷം കൊണ്ട് നിലമ്പൂർ സ്വദേശിയായ ഈ 58കാരൻ സൃഷ്ടിച്ചത് ശരിക്കുമൊരു കാർഷിക സ്വർഗം തന്നെയാണ്.
പിതാവ് നൽകിയ നാല് സെന്‍റില്‍ അഞ്ച് പശുക്കളുമായി കാർഷിക ജീവിതം തുടങ്ങിയ സ്‌കറിയ, ഇന്ന് ക്ഷീര കർഷകൻ മാത്രമല്ല, നെല്ലും പച്ചക്കറിയും മത്സ്യവും കോഴിയും താറാവുമൊക്കെയായി വലിയൊരു സാമ്രാജ്യമാണ് നിലമ്പൂരിലുള്ളത്.
110 പശുക്കൾക്കായി വിശാലമായ മൂന്ന് തൊഴുത്ത്. 80 എണ്ണം കറവയുള്ളതാണ്. സമീപത്തെ ക്ഷീര സഹകരണ സംഘത്തില്‍ 800 ലിറ്റർ പാലാണ് സ്‌കറിയ നല്‍കുന്നത്. 300 ലിറ്റർ വീടുകളിലേക്കും നല്‍കുന്നുണ്ട്. 15 ഏക്കറിലാണ് നെല്‍ക്കൃഷി. നെല്ലിന് പുറമെ ലഭിക്കുന്ന വൈക്കോല്‍ പശുക്കൾക്കുള്ളതാണ്. 250 ഓളം താറാവും 300 ഓളം കോഴികളും കൂടിയുള്ളതാണ് സ്‌കറിയുടെ ഫാം.
അവസാനിക്കുന്നില്ല ആഗ്രഹങ്ങൾ
കൃഷി നഷ്ടമാണെന്ന് പറയുന്നവരോട് സ്‌കറിയയ്ക്ക് പറയാനുള്ളത് ഇനിയുള്ള ആഗ്രഹങ്ങളെ കുറിച്ചാണ്. ഇതു കൂടാതെ 25 പശുക്കളെ കൂടി വാങ്ങുകയാണ്. അതിനായി ഒരു തൊഴുത്തും നിർമിച്ചു കഴിഞ്ഞു. അതിനൊപ്പം ഒരു ആട് ഫാം കൂടി തുടങ്ങണം. പ്രതിദിനം 1000 ലിറ്റർ പാല്‍ സഹകരണ സംഘത്തിന് നല്‍കണം. സഹായിയായി മകൻ ജിനുവും നാല് അതിഥി തൊഴിലാളികളും ഒപ്പമുണ്ട്.
മില്‍മയുടെ സഹകരണം കൂടിയുണ്ടെങ്കില്‍ പാല്‍ ഉല്‍പ്പാദനം ഇനിയും വർധിപ്പിക്കാമെന്ന് മലപ്പുറം ജില്ലയിലെ തന്നെ ഏറ്റവും വലിയ ക്ഷീര കർഷകനായ സ്‌കറിയ പറയുന്നു.
ALSO READ: തീപ്പെട്ടിക്കൂടിന്‍റെ പകുതി വലിപ്പമുള്ള ഖുർആൻ പതിപ്പ് ലേലത്തിന്