മലപ്പുറം: മുണ്ടേരി മലയോര ഹൈവേയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് അമരമ്പലം പഞ്ചായത്തിലെ ചേലോട് മണ്ണാത്തിപോയില്‍ റോഡ് അടച്ചതിനെതിരെ പരാതിയുയര്‍ത്തി പ്രദേശവാസികള്‍. ഹൈവേയുടെ അരികുവശം കോണ്‍ക്രീറ്റ് ചെയ്യുന്ന പ്രവര്‍ത്തിയാണ് നിലവില്‍ നടക്കുന്നത്. റോഡ് താഴ്ന്നുകിടക്കുന്ന ഭാഗം ഉയര്‍ത്തുകയെന്നതാണ് പ്രവര്‍ത്തിയുടെ ലക്ഷ്യം.
പരാതി മുഖവിലക്കെടുക്കാതെ അധികൃതര്‍
20 ദിവസത്തോളമായി ചേലോട് മണ്ണാത്തിപൊയില്‍ റോഡ് പൂര്‍ണമായും അടഞ്ഞുകിടക്കുകയാണ്. പ്രദേശവാസികള്‍ കരാറുകാരോടും ഉദ്യോഗസ്ഥരോടും പരാതി ഉന്നയിച്ചെങ്കിലും ഇക്കാര്യം അവര്‍ ചെവിക്കൊണ്ടില്ലെന്ന് മുന്‍ പഞ്ചായത്തംഗം കൂടിയായ കളരിക്കല്‍ സുരേഷ് കുമാര്‍ പറഞ്ഞു. ചേലോട് യു.പി സ്‌കൂള്‍, അങ്കണവാടി, എസ്.സി കോളനി എന്നിവിടങ്ങളിലേക്കുള്ള റോഡുകൂടിയാണിത്. കോണ്‍ക്രീറ്റ് ചെയ്യാനുള്ള പലകവെച്ചുപിടിപ്പിക്കുന്ന പണിയാണ് ഇപ്പോള്‍ നടക്കുന്നത്.
റോഡ് അടച്ചത് മുന്നറിയിപ്പില്ലാതെ
ഇത് പൂര്‍ത്തിയായാല്‍ തന്നെ ഉയര്‍ന്നുനില്‍ക്കുന്ന മലയോര പാതയോട് മണ്ണാത്തിപോയില്‍ റോഡ് ബന്ധിപ്പിക്കലും ഏറെ പ്രയാസകരമാകും. നിലവിലെ പ്രവര്‍ത്തി കഴിയുമ്പോഴേക്കും അഴ്ചകളെടുക്കും. അതുവരെ നടവഴിപോലുമില്ലാതെ പ്രദേശവാസികള്‍ ദുരിതത്തിലാകും. മുന്നറിയിപ്പില്ലാതെ ചേലോട് മണ്ണാത്തിപൊയില്‍ റോഡ് അടച്ചറിയാതെ ദൂരെ സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ പോലും ഇവിടെ വന്ന് മടങ്ങിപോവുകയാണ്.
'നിര്‍മാണത്തില്‍ എതിര്‍പ്പില്ല,ദുരിത്തിലാക്കരുത്'
മഴ ആരംഭിച്ചതോടെ പ്രദേശവാസികള്‍ ദുരിതത്തിലാണ്. നിലവില്‍ ഇവര്‍ക്ക് കിലോമീറ്റര്‍ ചുറ്റി സഞ്ചരിക്കേണ്ട ഗതികേടാണ്. കൊവിഡ് വ്യാപനം കാരണം നിയന്ത്രണമുള്ള വാര്‍ഡായതിനാല്‍ പല ചെറുറോഡുകളും അടച്ചിട്ടുണ്ട്. ഇതോടെ കൂടുതല്‍ ദൂരം ചുറ്റി സഞ്ചരിക്കേണ്ടി വരും. മലയോര പാതയില്‍ ഈ ഭാഗം അല്പം താഴ്ന്നു കിടക്കുന്ന പ്രദേശമാണ്.
ഇത് ഉയര്‍ത്താന്‍ വശങ്ങള്‍ കെട്ടി മണ്ണിട്ട് നിറച്ച ശേഷമാണ് കോണ്‍ക്രീറ്റ് ചെയ്യുന്നത്. എന്നാല്‍, ഈ ഭാഗത്ത് അത്രത്തോളം ഉയര്‍ത്തേണ്ട സാഹചര്യം നിലവിലില്ല. മലയോരപാതയോട് എതിര്‍പ്പില്ലെന്നും എന്നാല്‍ ജനഹിതം മാനിച്ച് പ്രവര്‍ത്തി നടത്തണമെന്നും പ്രദേശവാസികള്‍ പറയുന്നു.
ALSO READ: ഡ്യൂട്ടി സമയത്ത് മദ്യപാനം; കർശന നടപടിയുമായി പൊലീസ്