മലപ്പുറം: വർധിച്ചുവരുന്ന കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ മലപ്പുറം ആർ ടി ഓഫീസുകളിലും നിയന്ത്രണം ഏർപ്പെടുത്തി. ഡ്രൈവിങ് ടെസ്റ്റ്, ഫിറ്റ്നസ്, രജിസ്ട്രേഷൻ പുതുക്കൽ ഉൾപ്പെടെ പ്രവർത്തനങ്ങൾ രണ്ടാഴ്ചത്തേക്ക് നിർത്തിവെച്ചു.
ഗവൺമെന്‍റ് തലത്തിൽ നടത്തപ്പെടുന്ന ടെസ്റ്റുകൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. ഈ രണ്ടാഴ്‌ച കാലയളവിൽ മുൻകൂട്ടി സ്ലോട്ട ബുക്ക് ചെയ്‌തവർക്ക് പിന്നീട് അവസരം നൽകുന്നതാണ്. ഓൺലൈൻ സേവനങ്ങൾ മാത്രമേ ഇക്കാലയളവിൽ അനുവദിക്കുകയുള്ളൂ.
ഓൺലൈൻ മുഖാന്തരം സമർപ്പിക്കുന്ന അപേക്ഷകൾ ഓഫിസിനു പുറത്ത് വെച്ചിരിക്കുന്ന ബോക്സിൽ നിക്ഷേപിക്കാവുന്നതാണ്. ഇക്കാലയളവിൽ ഫോൺ മുഖാന്തരമുള്ള അന്വേഷണങ്ങൾ മാത്രമേ ഉണ്ടാവുകയുള്ളൂ. ആർ.ടി.ഓഫിസിൽ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാവിധ കൂടിക്കാഴ്‌ചകളും നേരിട്ടുള്ള കൗണ്ടർ സേവനങ്ങളും അന്വേഷണങ്ങളും രണ്ടാഴ്ചത്തേക്ക് നിർത്തി വച്ചിട്ടുണ്ട്.