മലപ്പുറം: വിശുദ്ധ റമദാനില്‍ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളുമായി മഅ്ദിന്‍ അക്കാദമിയുടെ റമദാന്‍ ക്യാമ്പയിന്‍. ഹരിത പ്രോട്ടോക്കോളും സാമൂഹ്യ അകലവും ഉള്‍പ്പെടെയുള്ള കൊവിഡ് മുന്‍കരുതലും പാലിച്ചുള്ള നാല്‍പതിന പരിപാടികളാണ് ആസൂത്രണം ചെയ്‌തിട്ടുള്ളത്. റമദാന്‍ 27-ാം രാവില്‍ നടക്കുന്ന പ്രാര്‍ഥന സമ്മേളനത്തോടെ ക്യാമ്പയിന്‍ സമാപിക്കും.
കൊവിഡ് രണ്ടാം തരംഗം പശ്ചാത്തലത്തില്‍ വേണ്ടത്ര മുന്‍കരുതലോടെയാണ് ഓരോ പദ്ധതികളും നടപ്പിലാക്കുക. കേള്‍വി-കാഴ്‌ച പരിമിതിയുള്ളവര്‍ക്ക് ആശ്വാസ കിറ്റ് വിതരണം, ബോധവല്‍ക്കരണ സംഗമം എന്നിവയും ഭിന്നശേഷിക്കാര്‍ക്ക് ശാക്തീകരണ സംഗമം, ഭിന്നശേഷി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ സ്‌നേഹ സംഗമം, എബിലിറ്റി വാക്‌സ്, ഏബ്ള്‍ ടോക്, ഇഫ്‌ത്താര്‍ മീറ്റ്, വസ്ത്ര വിതരണം, വര്‍ക്ക് ഷോപ്പ്, ഈദ് മീറ്റ് എന്നിവയും സംഘടിപ്പിക്കും. കൊവിഡ് മുന്‍കരുതലും വിശ്വാസികളുടെ സൗകര്യവും കണക്കിലെടുത്ത് ഗ്രാന്‍റ് മസ്‌ജിദില്‍ ഒരു ദിവസം രണ്ട് തറാവീഹ് നിസ്‌കാരങ്ങള്‍ നടക്കും. ഖുര്‍ആന്‍ 30 ജുസ്അ് പൂര്‍ത്തിയാക്കുന്ന ഖത്മുല്‍ ഖുര്‍ആന്‍ സൗകര്യത്തോടെയാണ് 11.30 ന് നടക്കുന്ന തറാവീഹ് നിസ്‌കാരം. വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവരുടെ സൗകര്യം കണക്കിലെടുത്താണിത്.
വനിതകള്‍ക്ക് 'നല്ല കുടുംബം നല്ല സമൂഹം' എന്ന ശീര്‍ഷകത്തില്‍ ഏപ്രില്‍ 15 മുതല്‍ മെയ് 6 വരെ വിജ്ഞാന വേദിയും ആത്മീയ സദസും സംഘടിപ്പിക്കും. കര്‍മശാസ്ത്ര വിഷയങ്ങളില്‍ സംശയ നിവാരണത്തിനും അവസരമുണ്ടാവും. ക്ലാസിനെത്തുന്ന സ്ത്രീകളുടെ സൗകര്യത്തിനായി വിവിധ റൂട്ടുകളില്‍ സൗജന്യ വാഹന സൗകര്യവും ഏര്‍പ്പെടുത്തും.
നോമ്പ് ഒന്ന് മുതല്‍ എല്ലാ ദിവസവും വൈകുന്നേരം 5.30 മുതല്‍ നോമ്പ് തുറ വരെ പ്രമുഖ സയ്യിദന്മാരുടെ നേതൃത്വത്തില്‍ മഅ്ദിന്‍ ഗ്രാന്‍റ് മസ്‌ജിദില്‍ മജ്ലിസുല്‍ ബറക ആത്മീയ വേദി സംഘടിപ്പിക്കും. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സംസ്ഥാനത്തെ തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ റിലീഫ് ക്യാമ്പുകള്‍ സംഘടിപ്പിക്കാനും പദ്ധതിയുണ്ട്. സ്വലാത്ത് നഗറിലെ റമദാന്‍ പരിപാടികള്‍ മഅ്ദിന്‍ വെബ്സൈറ്റ് വഴിയും മറ്റ് ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ വഴിയും വെബ്‌കാസ്റ്റ് ചെയ്യാനും തീരുമാനമുണ്ട്.