മലപ്പുറം : നവതി നിറവിലുള്ള ജ്ഞാനപീഠ പുരസ്‌കാര ജേതാവ് എം ടി വാസുദേവൻ നായരുമായി കൂടിക്കാഴ്‌ച നടത്തി കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇതിന്‍റെ ചിത്രങ്ങള്‍ രാഹുല്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചു. എംടി വാസുദേവൻ നായർ തനിക്ക് ഒരു പേന സമ്മാനിച്ചുവെന്നും, അത് നിധിപോലെ സൂക്ഷിക്കുമെന്നും അദ്ദേഹം കുറിച്ചു.
'ആധുനിക മലയാള സാഹിത്യത്തിലെ ഇതിഹാസവും ജ്ഞാനപീഠ പുരസ്‌കാര ജേതാവുമായ ശ്രീ എം ടി വാസുദേവൻ നായരുമായി കോട്ടക്കലിൽ വച്ച് കൂടിക്കാഴ്‌ച നടത്താനായി. അദ്ദേഹത്തിൽ നിന്ന് ഒരു പേന ലഭിച്ചു. അത് ഞാൻ എന്നെന്നും കാത്തുസൂക്ഷിക്കുന്ന നിധിയായിരിക്കും.
90-ാം വയസിലും നവോഥാന നായകന്‍റെ അസാധാരണമായ വൈദഗ്‌ധ്യം അദ്ദേഹത്തിന്‍റെ കണ്ണുകളിൽ തിളങ്ങി. അത് പ്രിയങ്കരവും പ്രചോദനാത്മകവുമാണ്. ചെയ്യുന്ന കാര്യങ്ങളിൽ ഏറ്റവും മികച്ചവരായിരിക്കുക എന്നതിന് എല്ലാവർക്കും മാതൃകയാണ് അദ്ദേഹം' - രാഹുൽ ഗാന്ധി കുറിച്ചു.
എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും രാഹുൽ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു. അടുത്തിടെയാണ് എംടി വാസുദേവൻ നായർ നവതി ആഘോഷിച്ചത്. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി എംടിയുടെ കോഴിക്കോട്ടെ വീട്ടിൽ എത്തി ആശംസകൾ അറിയിച്ചിരുന്നു. എളമരം കരീം എംപി, സിപിഎം ജില്ല സെക്രട്ടറി പി മോഹനന്‍ എന്നിവരും യെച്ചൂരിക്കൊപ്പമുണ്ടായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും മലയാളത്തിന്‍റെ മഹാ സാഹിത്യകാരന് പിറന്നാൾ ആശംസകൾ നേർന്നിരുന്നു. എം ടിയുടെ നവതി കേരളത്തിന്‍റെയാകെ അഭിമാന മുഹൂര്‍ത്തമാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ആശംസ സന്ദേശത്തില്‍ പറഞ്ഞത്.
'നമ്മുടെ സാംസ്‌കാരികതയുടെ ഈടുവെയ്‌പ്പിന് ഇത്രയധികം സംഭാവന നല്‍കിയിട്ടുള്ള അധികം പേരില്ല. മലയാളത്തെ ലോക സാഹിത്യത്തില്‍ അടയാളപ്പെടുത്തുന്നതില്‍ അതുല്യമായ പങ്കാണ് എം.ടിയ്‌ക്കുള്ളത്. സാഹിത്യകാരന്‍ എന്ന നിലയ്‌ക്ക് മാത്രമല്ല, പത്രാധിപരെന്ന നിലയിലും ചലച്ചിത്രകാരന്‍ എന്ന നിലയിലും അനുപമായ സംഭാവനകള്‍ അദ്ദേഹം നല്‍കി.
സാഹിത്യ രചനയോടൊപ്പം തന്നെ കേരളത്തിന്‍റെ സാംസ്‌കാരിക മേഖലയെ ഉജ്ജീവിപ്പിക്കാനും എം ടി പരിശ്രമിച്ചു. അദ്ദേഹത്തിന്‍റെ സാഹിത്യവും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളും എക്കാലവും ജനാധിപത്യ, മതേതര, പുരോഗമന നിലപാടുകളില്‍ അടിയുറച്ചു നിന്നു. പ്രിയ എംടിയ്ക്ക് ഹൃദയപൂര്‍വ്വം നവതി ആശംസകളും ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നതായും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
മലയാളത്തിന്‍റെ നിത്യ പുണ്യമായി തുടരുക : എം.ടിക്ക് നിറഞ്ഞ ആദരവോടെയും സ്‌നേഹത്തോടെയും നവതി ആശംസകള്‍ നേരുന്നതായി പ്രതിപക്ഷ നേതാവ് വിഡി സതീശനും അനുമോദന സന്ദേശത്തില്‍ പറഞ്ഞിരുന്നു. ആ പേനയില്‍ നിന്ന് 'ഇത്തിരിത്തേന്‍ തൊട്ടരച്ച പൊന്നു പോലാമക്ഷരങ്ങള്‍' ഉതിര്‍ന്ന് ഇനിയും ഈ ഭാഷ ധന്യമാകട്ടെ.
അങ്ങയുടെ കഥകളും നോവലുകളും ലേഖനങ്ങളും ആത്മാവ് തൊട്ട് വായിച്ചൊരാളാണ് ഞാന്‍. മനുഷ്യനെയും പ്രകൃതിയെയും ഉള്‍പ്രപഞ്ചങ്ങളെയും ഇത്ര ആഴത്തിലും ചാരുതയിലും അക്ഷരങ്ങളിലൂടെ ഞങ്ങള്‍ക്ക് തന്നതിന് നന്ദി...മലയാളത്തിന്‍റെ നിത്യ പുണ്യവും നിറവിളക്കുമായി തുടരുകയെന്നും വി ഡി സതീശൻ പറഞ്ഞു.