മലപ്പുറം: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ മലപ്പുറം ജില്ലയിലെ പര്യടനം തുടങ്ങി. പാലക്കാട് ജില്ലയിലെ പര്യടനം പൂർത്തിയാക്കിയാണ് യാത്ര മലപ്പുറത്തെത്തുന്നത്. രാവിലെ പുലാമന്തോളിൽ നിന്നാണ് പദയാത്ര ആരംഭിച്ചത്.
യാത്രക്ക് വൻ വരവേൽപ്പാണ് ജില്ലയിൽ ഒരുക്കിയിരുന്നത്. ഇന്ന് യാത്രയുടെ 20 -ാം ദിവസമാണ്. മൂന്ന് ദിവസമാണ് ഭാരത് ജോഡോ യാത്ര മലപ്പുറം ജില്ലയില്‍ പര്യടനം നടത്തുക.
ഇന്ന് (27-9-2022) രാവിലെ പുലാമന്തോളില്‍ നിന്ന് ആരംഭിച്ച യാത്ര 15 കിലോമീറ്റര്‍ പിന്നിട്ട് ഉച്ചയോടെ പെരിന്തല്‍മണ്ണ പൂപ്പലത്ത് ആദ്യ ഘട്ടം പൂര്‍ത്തിയാക്കും. തുടർന്ന് ഉച്ചക്ക് ശേഷം രാഹുൽ ഗാന്ധി സമീപ പ്രദേശങ്ങളിലെ കർഷകരുമായി സംവദിക്കും. വൈകീട്ട് നാലിന് യാത്ര വീണ്ടും ആരംഭിച്ച് 10 കിലോമീറ്റര്‍ കൂടി പിന്നിട്ട് വൈകിട്ട് 7 മണിയോടെ പാണ്ടിക്കാട് സമാപിക്കും.
ഇതോടെ ജില്ലയിലെ ആദ്യ ദിന പര്യടനം പൂർത്തിയാക്കും. നാളെ (28-9-2022) പാണ്ടിക്കാട് നിന്ന് ആരംഭിച്ച് വൈകീട്ട് നിലമ്പൂർ ചന്തക്കുന്നിൽ സമാപിക്കും. ജില്ലയിലെ മൂന്നാം ദിന പര്യടനം ചുങ്കത്തറ മുട്ടിക്കടവിൽ നിന്ന് ആരംഭിച്ച് ഉച്ചയോടെ വഴിക്കടവ് മണിമൂളയിൽ സമാപിക്കും.
തുടർന്ന് കേരളത്തിലെ പര്യടനം പൂർത്തിയാക്കി തമിഴ്‌നാട്ടിൽ പ്രവേശിക്കും. കന്യാകുമാരി മുതൽ കശ്‌മീർ വരെ 3,570 കിലോമീറ്റർ ദൈർഘ്യമുള്ള പദയാത്ര 150 ദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കുക. 12 സംസ്ഥാനങ്ങളിലായാണ് യാത്ര നടത്തുക.