മലപ്പുറം: യുവാവിനെ തട്ടികൊണ്ടു പോയി സ്വർണം കവർന്ന കേസിൽ വയനാട്ടില്‍ നിന്നുള്ള ക്വട്ടേഷന്‍ സംഘം പിടിയിൽ. തട്ടികൊണ്ടുപോകാനുപയോഗിച്ച കാറും കസ്‌റ്റഡിയിലെടുത്തു. മീനങ്ങാടി കരണി സ്വദേശികളായ പടിക്കൽ അസ്കർ അലി, പുള്ളാർ കുടിയിൽ പ്രവീൺ, തെക്കെയിൽ ഹർഷാൽ എന്നിവരാണ് പിടിയിലായത്.
കൊടുവള്ളി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വർണമാഫിയക്കു വേണ്ടി സ്വർണം കടത്തുന്നതിന് സഹായി ആയി പ്രവര്‍ത്തിച്ച് ഷാര്‍ജയില്‍ നിന്നെത്തിയ പരാതിക്കാരൻ സ്വർണവുമായി കരിപ്പൂർ എയർപോർട്ടിൽ എത്തിയ സമയത്താണ് തട്ടികൊണ്ടു പോയത്. സ്വർണം കവര്‍ച്ച ചെയ്‌ത ശേഷം ഇയാളെ വിവിധയിടങ്ങളില്‍ വച്ച് മര്‍ദിക്കുകയും വഴിയില്‍ തള്ളുകയുമായിരുന്നു. ജൂലൈ നാലിനാണ് സംഭവം. മാഫിയയുടെ ഭീഷണിമൂലം ആദ്യം പരാതി പറയാന്‍ മടിച്ചെങ്കിലും ഫറൂഖ് സ്റ്റേഷനിലും പിന്നീട് എസ്‌പി അബ്‌ദുല്‍ കരീമിനും പരാതി നൽകുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. 10 ഓളം പേര്‍ കൃത്യത്തിൽ ഉൾപ്പെട്ടിട്ടുള്ളതായി സൂചന ലഭിച്ചിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്‌തതിൽ നിന്നും വിമാനത്താവളം വഴി സ്വർണം കടത്തുന്നവരെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. കുഴൽപ്പണ, സ്വർണമാഫിയകളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന പ്രതികൾ വയനാട്ടിൽ അനധികൃത റിസോര്‍ട്ടുകൾ നടത്തിയിരുന്ന സംഭവവും അന്വേഷിക്കുന്നുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്‍റ് ചെയ്‌തു. കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങും.
മലപ്പുറം എസ് പി അബ്‌ദുള്‍ കരീമിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ മലപ്പുറം ഡി വൈ എസ് പി.പി ഷംസിന്‍റെ നിർദ്ദേശപ്രകാരം സി ഐ എൻ .ബി ഷൈജു,പ്രത്യേക അന്വേഷണസംഘാംഗങ്ങളായ അബ്‌ദുള്‍ അസീസ്, സത്യനാഥൻ മനാട്ട്, ശശി കുണ്ടറക്കാട്, പി. സഞ്ജീവ് , എന്നിവർക്കു പുറമെ എ.എസ്.ഐ ശ്രീരാമൻ, രാജേഷ്, മുഹമ്മദ് ജലാൽ എന്നിവരാണ് പ്രതികളെ പിടികൂടിയത്.