മലപ്പുറം: റീ ബിൽഡ് നിലമ്പൂരിനെതിരായ കലക്‌ടറുടെ ആരോപണങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പി.വി അൻവർ എം.എൽ.എ. മാനനഷ്‌ടത്തിന് കേസ് ഫയൽ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. കലക്‌ടറുടെ ആരോപണമനുസരിച്ച് ഒരു ഭൂമിയും റീ ബിൽഡ് നിലമ്പൂരിന്‍റെ പേരിലേക്ക് മാറ്റിയിട്ടില്ലെന്നും സംഭാവന നൽകുന്നവർ നേരിട്ട് കൈമാറുകയാണ് ചെയ്‌തതെന്നും എം.എല്‍.എ പറയുന്നു. റീ ബിൽഡ് നിലമ്പൂരിന് കിട്ടാത്ത ഭൂമി കിട്ടിയെന്ന് പറയുന്നു അതിന് മറുപടി പറയണമെന്നും എം.എൽ.എ പറഞ്ഞു. 247 വീട് നിർമിച്ച് നൽകാം എന്ന വാഗ്‌ദാനം കിട്ടിയിരുന്നുവെന്നും എന്നാൽ കലക്ടർ പറയുന്ന പോലെ 12 എക്കർ ഭൂമി തനിക്കോ റീ ബിൽഡ് നിലമ്പൂരിനോ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റീ ബിൽഡ് നിലമ്പൂര്‍ പദ്ധതിയുടെ ഭാഗമായി മൂന്ന് വീടുകള്‍ പൂര്‍ത്തിയായെന്നും ഒരു വീടിന്‍റെ താക്കോല്‍ കൊടുത്തെന്നും രണ്ട് വീടിന്‍റെ താക്കോല്‍ അടുത്താഴ്‌ച കൊടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 26 വീടുകളുടെ പണി പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ വീടുകൾ പൂർത്തിയാക്കാൻ സർക്കാർ സ്ഥലം ഉടൻ ലഭ്യമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനു പുറമെ വ്യക്തിപരമായി 10 ലക്ഷം രൂപ പദ്ധതിയിലേക്ക് നല്‍കുമെന്നും പി.വി അൻവർ എം.എൽ.എ പറഞ്ഞു.