മലപ്പുറം: ബ്ലോക്ക് യുവജനോത്സവത്തില്‍ പങ്കെടുക്കാൻ പഞ്ചായത്ത് നൽകിയ എൻട്രി പാസ് ഉദ്യോഗസ്ഥർ അംഗീകരിക്കാത്തതിനെ തുടർന്ന് സംഘർഷം. നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് യുവജനോത്സവ വേദിയായ ചുങ്കത്തറ കമ്മ്യൂണിറ്റി ഹാളിലാണ് സംഘർഷം. നിലമ്പൂർ ബ്ലോക്കിലെ വഴിക്കടവ്, എടക്കര, ചുങ്കത്തറ, മൂത്തേടം പഞ്ചായത്തുകളിൽ നിന്നും കേരളോത്സവത്തിൽ വിജയികളായവരാണ് ബ്ലോക്ക് യുവജനോത്സവത്തിൽ പങ്കെടുക്കുന്നത്.
ആതിഥേയരായ ചുങ്കത്തറ പഞ്ചായത്തിൽ നിന്നും 20 മത്സാർഥികൾക്കാണ് എൻട്രി പാസ് നൽകിയിട്ടുള്ളത്. എന്നാല്‍ ബ്ലോക്ക് ലിസ്റ്റിൽ മത്സരാർഥികളുടെ എണ്ണം 16 ആണെന്ന് വ്യക്തമാക്കിയതോടെയാണ് പ്രശ്നത്തിന് തുടക്കമായത്. പഞ്ചായത്ത് എൻട്രി പാസ് നൽകിയ 20 മത്സരാർഥികളെയും പങ്കെടുപ്പിക്കണമെന്നും, സാങ്കേതിക കാരണങ്ങൾ നിരത്തി മത്സരിക്കാൻ പഞ്ചായത്ത് തലത്തിൽ അർഹരായവരെ തഴയരുതെന്നും മത്സരാർഥികളും ഒപ്പം വന്നവരും ആവശ്യപ്പെട്ടു. എന്നാൽ ബ്ലോക്ക് എൻട്രി ലിസ്റ്റിൽപ്പെട്ടവരെ മാത്രമേ പങ്കെടുപ്പിക്കുവെന്ന് ഉദ്യോഗസ്ഥരും നിലപാട് സ്വീകരിച്ചതോടെ മത്സരം നിറുത്തിവെയ്ക്കേണ്ടി വന്നു, എടക്കര പൊലീസ് സ്ഥലത്തെത്തി ഇരുവിഭാഗവുമായി ചർച്ച നടത്തിയെങ്കിലും മത്സരം പുനഃരാരംഭിക്കാനായില്ല. രാവിലെ മുതൽ മത്സരിക്കാൻ തയാറായി മേക്കപ്പ് ഇട്ട് കാത്തുനിന്ന മത്സരാർഥികൾ തങ്ങൾക്ക് എൻട്രി പാസ് ബ്ലോക്ക് ലിസ്റ്റിൽ ഇല്ലെന്നറിഞ്ഞതോടെ നിരാശരായി. പ്രശ്‌നം പരിഹരിക്കാൻ കഴിയാതെ വന്നതോടെ കാഴ്ചക്കാരും മത്സരാർഥികളും നിരാശയിലായി.