മലപ്പുറം: കൊറോണ വൈറസ് ബാധയിൽ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും കുടുംബാംഗങ്ങള്‍ക്കും പ്രത്യേക കൗണ്‍സിലിങ് ആരംഭിച്ചു. ആശങ്ക നിലനില്‍ക്കെ ജില്ലാ ഭരണകൂടത്തിന്‍റെയും ആരോഗ്യ വകുപ്പിന്‍റെയും ദുരന്തനിവാരണ വിഭാഗത്തിന്‍റെയും സംയുക്താഭിമുഖ്യത്തിലുള്ള കണ്‍ട്രോള്‍ സെല്‍ മുന്‍കരുതല്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കി. വൈറസ് ബാധിത രാജ്യങ്ങളില്‍ നിന്നും തിരിച്ചെത്തിയവരും അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുമായി 357 പേരാണ് ഇപ്പോള്‍ പ്രത്യേക നിരീക്ഷണത്തിലുള്ളത്. ഇതില്‍ 20 പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡിലും 337 പേര്‍ വീടുകളിലുമാണ്.
ഇന്ന് 14 പേരെകൂടി പുതുതായി പ്രത്യേക നിരീക്ഷണത്തില്‍ ഉള്‍പ്പെടുത്തി. ഇതില്‍ നാലു പേര്‍ ആശുപത്രിയിലും 10 പേര്‍ വീടുകളിലുമാണ്. 28 ദിവസത്തെ കാലാവധി പൂര്‍ത്തിയാക്കിയതിനാല്‍ 20 പേരെ ഇതുവരെ പ്രത്യേക നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കി. 32 പേരുടെ സാമ്പിളുകളാണ് ജില്ലയില്‍ നിന്ന് പരിശോധനക്കയച്ചത്. ഇതിന്‍റെ രണ്ടുഘട്ട പരിശോധനകള്‍ക്ക് ശേഷമുള്ള അന്തിമഫലം അടുത്ത ദിവസം ലഭ്യമാവുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ആദ്യഘട്ട പരിശോധന ഫലം ലഭിച്ച 11 സാമ്പിളുകളില്‍ രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.