മലപ്പുറം: ഇടിവണ്ണ ആദിവാസി കോളനിയിലെ കുട്ടികള്‍ക്ക് അക്ഷരം പകര്‍ന്ന് പ്രതിഭാ കേന്ദ്രം. കൊവിഡ് പശ്ചാത്തലത്തില്‍ പുറത്ത് പോകാന്‍ കഴിയാത്തതിനാല്‍ കുട്ടികള്‍ക്ക് നിലമ്പൂര്‍ ബിആര്‍സിക്ക് കീഴിലാണ് പ്രതിഭാ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ഒന്ന് മുതല്‍ ഏഴ് വരെയുള്ള ക്ലാസുകളിലായി ഒന്‍പത് കുട്ടികളാണ് ഇടിവണ്ണ കോളനിയില്‍ നിന്നുള്ളത്.
ഒന്ന് മുതല്‍ നാല് വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് നാല് മണിക്കൂറും അഞ്ച് മുതല്‍ ഏഴാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് മൂന്ന് മണിക്കൂറുമാണ് ക്ലാസെടുക്കുന്നതെന്ന് അധ്യാപികയായ ലിന്‍റു പറഞ്ഞു. മാസം 1500 രൂപയാണ് ലിന്‍റുവിന്‍റെ ശമ്പളമെങ്കിലും കുട്ടികള്‍ക്ക് അക്ഷരം പകര്‍ന്നു കൊടുക്കുന്നതില്‍ സന്തോഷമുണ്ടെന്നും ലിന്‍റു പറഞ്ഞു. എന്നാല്‍ വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങള്‍ ഈ പഠനകേന്ദ്രത്തില്‍ ഇന്നുമില്ല. കുട്ടികള്‍ തറയിലിരുന്നാണ് പഠിക്കുന്നത്. ഒരു ബോര്‍ഡ് മാത്രമാണ് ഇവിടെയുള്ളത്.