മലപ്പുറം: ആഢ്യൻപാറ ചെറുകിട ജലവൈദ്യുത പദ്ധതിയിൽ വൈദ്യുതി ഉത്പാദനം ആരംഭിച്ചു. ആവശ്യത്തിന് മഴ ലഭിച്ചാൽ ഈ വർഷം 90 ലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദനമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ജില്ലയിലെ ഏക ചെറുകിട ജലവൈദ്യുത പദ്ധതിയാണിത്. വൈദ്യുതി നിലയത്തിൽ ഒന്നര മെഗാവാട്ടിന്‍റെ രണ്ടും അരമെഗാവാട്ടിന്‍റെ ഒരു ജനറേറ്ററുമാണുള്ളത്. വെള്ളലഭ്യതയിലുണ്ടായ കുറവിനെ തുടർന്ന് വൈദ്യുതി ഉത്പാദനം നിറുത്തി വെക്കുകയായിരുന്നു.
അറബിക്കടലിലെ ന്യൂനമർദത്തെ തുടർന്ന് പദ്ധതിയുടെ വൃഷ്ടിപ്രദേശമായ പന്തീരായിരം വനമേഖലയിലെ വെള്ളരിമലയിൽ ഉൾപ്പെടെ കനത്ത മഴ ലഭിച്ചതോടെയാണ് വൈദ്യുതി ഉത്പാദനം വീണ്ടും പുനരാരംഭിക്കുന്നത്. ആഢ്യൻപാറയിൽ വീണ്ടും മൂന്ന് ജനറേറ്ററുകളും പ്രവർത്തിപ്പിച്ച് പ്രതിദിനം മൂന്നര മെഗാവാട്ട് വൈദ്യുതിയാണ് ഇപ്പോൾ ഉത്പാദിപ്പിക്കുന്നത്. കഴിഞ്ഞ വർഷം മഴക്കുറവ് മൂലം ജൂൺ 14നാണ് ഉത്പാദനം തുടങ്ങിയത്. ഈ വർഷം ഒരു മാസം മുൻപ് ഉത്പാദനം തുടങ്ങിയതിനാൽ കഴിഞ്ഞ വർഷത്തെ ഉത്പാദനമായ 70 ലക്ഷം യൂണിറ്റ് ഇക്കുറി 90 ലക്ഷമായി മാറുമെന്നാണ് കരുതുന്നത്.