മലപ്പുറം: മഞ്ചേരി പൂക്കൊളത്തൂർ സി.എച്ച്.എം ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപകരും എസ്.എഫ്.ഐ പ്രവർത്തകരും തമ്മിൽ സംഘർഷം. പ്രധാനധ്യാപികയടക്കം ആറുപേർക്ക് പരിക്കേറ്റു. പ്രധാനാധ്യാപിക എ. ജയശ്രീ (55), അധ്യാപകൻ പി.സി. അബ്ദുൽ ജലീൽ (44), സ്കൂൾ ജീവനക്കാരൻ കെ.സി. സുബ്രഹ്മണ്യൻ (37), എസ്.എഫ്.ഐ മഞ്ചേരി ഏരിയ സെക്രട്ടറി നിധിൻ കണ്ണാടിയിൽ (24), പ്രസിഡന്‍റ് വി. അഭിജിത്ത് (24), സി. മുഹമ്മദ് റാഫി (20) എന്നിവർക്കാണ് പരിക്കേറ്റത്.
ഇവർ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. വ്യാഴാഴ്ച രാവിലെ 11ഓടെ പ്രധാനാധ്യാപികയുടെ മുറിയിലാണ് സംഘർഷം ഉണ്ടായത്. ഇടുക്കിയിലെ എസ്.എഫ്.ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രൻ കൊല്ലപ്പെട്ട സംഭവത്തിൽ കഴിഞ്ഞ ദിവസം എസ്.എഫ്.ഐ ആഹ്വാനം ചെയ്ത പഠിപ്പുമുടക്ക് സമരം സ്കൂളിൽ നടത്തണമെന്നാവശ്യപ്പെട്ട് പ്രവർത്തകർ പ്രിൻസിപ്പലിനെയും പ്രധാനാധ്യാപികയെയും സമീപിച്ചിരുന്നു. എന്നാൽ, സ്കൂളിൽ രാഷ്ട്രീയം അനുവദിക്കില്ലെന്നും സർക്കാർ ഉത്തരവില്ലെന്നും പറഞ്ഞ് അധ്യാപകർ ഇവരെ മടക്കിയയച്ചു.
Also Read: എസ്എഫ്ഐ പ്രവർത്തകന്‍റെ കൊലപാതകം: ആലപ്പുഴയിൽ പലയിടത്തും എസ്എഫ്ഐ-കെഎസ്‌യു സംഘർഷം
എന്നാൽ, ഇതിൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയും പങ്കെടുത്തിരുന്നു. ഈ വിദ്യാർഥിയെ അധ്യാപകർ വിളിച്ച് ശാസിക്കുകയും രക്ഷിതാക്കളെ വിവരം അറിയിക്കുകയും ചെയ്തു. എന്നാൽ, വിദ്യാര്‍ഥിയെ പുറത്താക്കിയെന്നാരോപിച്ച് എസ്.എഫ്.ഐ നേതാക്കൾ സ്കൂളിലെത്തി.
പ്രധാനാധ്യാപികയുടെ മുറിയിൽ എത്തി സംസാരിക്കുന്നതിനിടെ സംഘർഷം ഉണ്ടാകുകയായിരുന്നു. എസ്.എസ്.എൽ.സി വിദ്യാർഥികളുടെ പരീക്ഷ ഫീസുമായി ബന്ധപ്പെട്ട ജോലി ചെയ്യുകയായിരുന്ന പ്രധാനാധ്യാപികയുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തതായി സ്കൂൾ അധികൃതർ ആരോപിച്ചു.
മേശപ്പുറത്തെ ഫയലുകൾ തട്ടിത്തെറിപ്പിക്കുകയും ഇത് തടഞ്ഞ തന്നെ അവർ ആക്രമിക്കുകയും ചെയ്തെന്ന് പ്രധാനാധ്യാപിക എ. ജയശ്രീ പറഞ്ഞു. ആശുപത്രിയിലും ഭീഷണി മുഴക്കിയെന്ന് അധ്യാപകർ പറഞ്ഞു. എന്നാൽ, പത്തിലധികം വരുന്ന അധ്യാപകർ സംഘം ചേർന്ന് തങ്ങളെ മർദിക്കുകയായിരുന്നുവെന്ന് വിദ്യാർഥി നേതാക്കൾ ആരോപിച്ചു.
സംഭവത്തിൽ പൊലീസ് ആശുപത്രിയിലെത്തി ഇരുകൂട്ടരുടെയും മൊഴി രേഖപ്പെടുത്തി. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തതായി പൊലീസ് പറഞ്ഞു. സംഘർഷത്തിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ, എം.എസ്.എഫ് പ്രവർത്തകർ സ്കൂളിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.