മലപ്പുറം: പൊന്നാനി കർമ്മ റോഡിന്‍റെ നിർമാണത്തിലെ അപാകത മൂലം വീടുകളിൽ വെള്ളം കയറുന്ന അവസ്ഥയുണ്ടായിട്ടും നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് പൊന്നാനി മുനിസിപ്പൽ കൗൺസിലർ പ്രീത രഞ്ജിത് റോഡിൽ ഏകദിന ഉപവാസം നടത്തി. റോഡ് നിർമാണത്തിലെ അപാകത കാരണം രണ്ട് തവണ ഭാരതപ്പുഴയിൽനിന്നും ജനവാസ മേഖലകളിലേക്ക് വെള്ളം കയറി വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ദുരിതാശ്വാസ ക്യാമ്പുകളിലേക്കും ബന്ധുവീടുകളിലേക്കും ജനം മാറേണ്ട അവസ്ഥ വന്നിരുന്നു. എന്നിട്ടും പൊന്നാനി നഗരസഭയും ജനപ്രതിനിധികളും പരിഹാര നടപടികൾ സ്വീകരിക്കാത്തതിനെ തുടർന്നാണ് പ്രതിഷേധം സംഘടിപ്പിച്ചത്. മുൻ എം പി സി ഹരിദാസ് പ്രതിഷേധം ഉദ്ഘാടനം ചെയ്‌തു.
കാലവർഷം തുടങ്ങിയതിന് ശേഷം കർമ്മ റോഡിലെ പൈപ്പുകളിൽ അഞ്ച് എണ്ണം മാത്രം താൽക്കാലികമായി അടയ്ക്കുന്നത് ജനങ്ങളോട് ചെയ്യുന്ന വഞ്ചനയാണെന്നും ജനങ്ങളുടെ ദുരിതങ്ങൾക്ക് പരിഹാര നടപടികൾ സ്വീകരിക്കുന്നതിന് വേണ്ടി സർവകക്ഷിയോഗം വിളിച്ചു ചേർക്കുവാൻ അധികാരികൾ തയ്യാറാകണമെന്നും ഹരിദാസ് ആവശ്യപ്പെട്ടു.