മലപ്പുറം: എൽ.ഡി.എഫു, യു.ഡി.എഫും തമ്മിലുള്ള രാഷ്‌ട്രീയ എതിർപ്പിനെ തുടർന്ന് പാണ്ടിക്കാട് പഞ്ചായത്തിലെ ഒരു റോഡിന്‍റെ പ്രവർത്തനോദ്ഘാടനം നടന്നത് രണ്ട് തവണ. പാണ്ടിക്കാട് ഏഴാം വാർഡിൽപ്പെട്ട ചെമ്പ്രശ്ശേരി-നെല്ലിക്കുന്ന് റോഡിന്‍റെ പ്രവർത്തനോദ്ഘാടനമാണ് ശനിയാഴ്ച്ച ഉച്ചയ്ക്ക് ഇടത് പ്രതിനിധിയായ വാർഡ് അംഗം ടി. ശ്രീദേവിയും, വൈകിട്ട് യു.ഡി.എഫ് പ്രതിനിധിയായ അഡ്വക്കറ്റ് എം.ഉമ്മർ എം.എൽ.എയും നിർവ്വഹിച്ചത്. നെല്ലിക്കുന്ന് പട്ടികജാതി കോളനിവാസികളുടെ നീണ്ട വർഷത്തെ കാത്തിരിപ്പിന് ഒടുവിലാണ് ഒരു റോഡിനായി ഫണ്ട് അനുവദിക്കപ്പെട്ടത്.
മുഖ്യമന്ത്രിയുടെ തദ്ദേശ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി പത്ത് ലക്ഷം രുപയാണ് ഇതിന് വകയിരുത്തിയിട്ടുള്ളത്.പ്രവർത്തിക്ക് ഫണ്ട് അനുവദിക്കപ്പെട്ടത് സി.പി.എം അംഗമായ ടി. ശ്രീദേവിയുടെയും, പാർട്ടി നേതൃത്വത്തിന്‍റെയും പരിശ്രമഫലമായിട്ടാണന്നാണ് എൽ.ഡി.എഫിന്‍റെ വാദം.റോഡിൽ കോൺക്രീറ്റ് ഇട്ടായിരുന്നു സി.പി.എമ്മിന്‍റെ നേതൃത്വത്തിൽ വാർഡ് അംഗം ഉദ്ഘാടനം നടത്തിയത്. സി.പി.എം ലോക്കൽ കമ്മറ്റി സെക്രട്ടറി കൊരമ്പയിൽ ശങ്കരൻ, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി പി.കെ.മുബഷിർ ,യൂനസ് വടക്കൻ, സുന്ദരൻ ഈസ്റ്റ് തുടങ്ങിയവർ പങ്കെടുത്തു.
വൈകിട്ട് അഞ്ചിനാണ് യു.ഡി.എഫിന്‍റെ നേതൃത്വത്തിലുള്ള ഉദ്ഘാടനം നടന്നത്.അഡ്വക്കറ്റ് എം.ഉമ്മർ എം.എൽ.എ ശിലാഫലകത്തിൽ നാട നീക്കി പ്രവർത്തനോദ്ഘാടനം നിർവ്വഹിച്ചു.ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എൻ.ടി.അജിത അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം പി.ആർ. രോഹിൽ നാഥ് സി.പി.എം ഉദ്ഘാടനത്തെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് വി.പി. ബുഷ്റ, സ്ഥിരം സമിതി അധ്യക്ഷൻ വി.മജീദ്, ബ്ലോക്ക് അംഗം ടി.എച്ച്.മൊയ്തീൻ, പി.എച്ച്.ഷെമീം, സുന്ദരൻ പനയം തൊടിക,ബാപ്പുട്ടി ചെമ്പ്രശ്ശേരി തുടങ്ങിയവർ പങ്കെടുത്തു.എന്തായാലും ഒരേ റോഡിന്‍റെ പ്രവർത്തി ഉദ്ഘാടനം രണ്ട് തവണ നടന്നതിന്‍റെ ആവേശത്തിലാണ് കോളനി വാസികൾ.