മലപ്പുറം: കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ പരിശോധനകൾ ശക്തമാക്കി മലപ്പുറം പൊലീസ്. ജില്ലയിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന നടത്തി. 1677 കൊവിഡ് കേസുകളാണ് ജില്ലയില്‍ ഞായറാഴ്ച റിപ്പോർട്ട് ചെയ്യതത്. ബസുകൾ, കാർ, ഓട്ടോറിക്ഷ, ഇരുചക്രവാഹനങ്ങൾ എന്നിവയാണ് പൊലീസ് പരിശോധനയിൽ ഉൾപ്പെടുത്തിയത്. ആദ്യദിവസം മാസ്ക് ധരിക്കാത്തവർക്ക് ചെറിയ പിഴ ഈടാക്കി. വരും ദിവസങ്ങളിലും കര്‍ശന പരിശോധനകള്‍ തുടരുമെന്ന് പൊലീസ് അറിയിച്ചു.
ജില്ലയില്‍ ശനിയാഴ്ച ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.1 ആയിരുന്നു. ഇത് കൊവിഡ് വ്യാപനത്തിന്‍റെ തോത് അപകടകരമായ രീതിയില്‍ വര്‍ധിക്കുന്നതിന്‍റെ സൂചനയാണെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ പറഞ്ഞു. കൊവിഡ് പ്രതിരോധത്തിന്‍റെ ആദ്യ പാഠങ്ങളായ ശാരീരിക അകലം പാലിക്കല്‍, മാസ്‌ക് ശരിയായി ഉപയോഗിക്കല്‍, കൈകള്‍ വൃത്തിയാക്കല്‍ എന്നിവ ചെയ്യുന്നതോടൊപ്പം 45 വയസ് കഴിഞ്ഞ എല്ലാവരും കൊവിഡ് വാക്‌സിനേഷന്‍ എത്രയും വേഗം എടുക്കണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു.
കൂടുതൽ വായനയ്ക്ക്:മലപ്പുറത്ത് 30,000 കൊവിഷീല്‍ഡ് വാക്‌സിന്‍ കൂടിയെത്തും
രോഗ ലക്ഷണങ്ങളുള്ളവരും രോഗികളുമായി സമ്പര്‍ക്കത്തിലേര്‍പ്പട്ടവരും നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണം. ഇങ്ങനെയുള്ളവര്‍ മറ്റുള്ളവരുമായി ഇടപഴകരുത്. മുതിര്‍ന്ന പൗരന്മാരും കുട്ടികളും പുറത്തിറങ്ങുന്നത് പരമാവധി കുറയ്ക്കണം. പുറത്തുപോയി വീട്ടില്‍ വരുന്നവര്‍ മറ്റുള്ളവരുമായി ഇടപഴകുന്നതിനുമുമ്പ് കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകണം. മാസ്‌ക് ഉപയോഗിക്കാതെ പുറത്തിറങ്ങാന്‍ പാടില്ല. സ്വയം സുരക്ഷിതരാവുക എന്നത് ഏറ്റവും പ്രാധാന്യമുള്ള കാര്യമാണെന്നും ജില്ല മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.