മലപ്പുറം: വഴിക്കടവ് ആനമറിയില്‍ തണ്ടര്‍ ബോള്‍ട്ടിന്‍റെ സഹായത്തോടെ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പൊലീസ് പരിശോധന ശക്തമാക്കി. വയനാട് പടിഞ്ഞാറത്തറയില്‍ മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട തമിഴ്‌നാട് സ്വദേശി വേല്‍മുരുകന്‍റെ കൂട്ടാളികള്‍ കേരളത്തിലേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കിയത്. വേല്‍മുരുകന്‍ കൊല്ലപ്പെട്ടതിൽ മാവോയിസ്റ്റുകള്‍ തിരിച്ചടിക്ക് തയ്യാറെടുക്കുന്നുവെന്ന് രഹസ്യാന്വേഷണ വിഭാഗം ആഭ്യന്തര വകുപ്പിന് വിവരം കൈമാറിയിട്ടുണ്ട്.
വഴിക്കടവ് നാടുകാണി ചുരത്തിലൂടെയെത്തുന്ന എല്ലാ വാഹനങ്ങളും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പരിശോധനക്ക് വിധേയമാക്കുന്നതിനൊപ്പം വനം വകുപ്പ് ചെക്ക് പോസ്റ്റുകളിൽ എക്സൈസ് പ്രത്യേക പരിശോധനയും നടത്തുന്നുണ്ട്. ബോംബ് സ്ക്വാഡും പരിശോധന ആരംഭിച്ചു. നാടുകാണിയില്‍ തമിഴ്‌നാടിന്‍റെ പ്രത്യേക പൊലീസ് സംഘവും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. ആഭ്യന്തര വകുപ്പിന്‍റെ അറിയിപ്പുണ്ടാകുന്നത് വരെ അതിര്‍ത്തി പ്രദേശങ്ങളില്‍ പരിശോധന തുടരും.