മലപ്പുറം: ആത്മഹത്യക്ക് ശ്രമിച്ചയാളെ ചങ്ങരംകുളം പൊലീസ് രക്ഷപെടുത്തി. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. മദ്യപിച്ച് വീട്ടില്‍ ബഹളമുണ്ടാക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ എത്തിയതായിരുന്നു പൊലീസ്. ചിയ്യാനൂർ സ്വദേശിയായ വീട്ടമ്മയായിരുന്നു പരാതി അറിയിച്ചത്. ഇതോടെ സ്ഥലത്തെത്തിയ പൊലീസ് കണ്ടത് വീടിന്റെ മുന്നില്‍ തൂങ്ങി മരിക്കാന്‍ ശ്രമിക്കുന്ന ഗൃഹനാഥനെയായിരുന്നു.
പരിസരവാസികളും വീട്ടുകാരും പരിഭ്രാന്തരായിരുന്നു. ഇതോടെ പൊലീസ് ഇയാളെ രക്ഷപെടുത്തി ആശുപത്രിയിലേക്ക് മാറ്റി. ഇയാള്‍ പൊന്നാനി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. എ.എസ്.ഐ ശ്രീലേഷ്, സി.പി.ഒ രതീഷ് എന്നിവര്‍ ചേര്‍ന്നാണ് ഗൃഹനാഥനെ രക്ഷപെടുത്തിയത്.