മലപ്പുറം: മന്ത്രി കെ ടി ജലീലിനെ തടഞ്ഞുവെക്കുകയും വ്യാജ പ്രചാരണം നടത്തുകയും ചെയ്തു എന്ന പരാതിയില്‍ കൽപ്പകഞ്ചേരിയിൽ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. അമിത വേഗത്തിലെത്തിയ മന്ത്രിയുടെ വാഹനം സ്കൂട്ടർ യാത്രികനെ ഇടിക്കുകയും തുടർന്ന് നാട്ടുകാർ ജലീലിനെ തടഞ്ഞ് വെക്കുകയും ചെയ്തു എന്ന തരത്തിലുള്ള വീഡിയോ നവമാധ്യമങ്ങളിൽ വൈറലായിരുന്നു. മലപ്പുറം ചെട്ടിയാംകിണറിന് സമീപമാണ് സംഭവം. സംഭവത്തിൽ മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തു. പെരുമണ്ണ വാളക്കുളം സ്വദേശി കുറുങ്ങാട്ട് പറമ്പിൽ അയുബിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
എന്നാൽ താന്‍ വാഹനത്തില്‍ പോകുന്നതിനിടെ മുന്നില്‍ സഞ്ചരിച്ചിരുന്ന ബൈക്ക് തെന്നി വീണെന്നും ഇത് കണ്ടാണ് വാഹനം നിര്‍ത്തിയതെന്നും ഇതിനിടെ തന്‍റെ വാഹനമിടിച്ചാണ് ബൈക്ക് വീണതെന്ന് തെറ്റിദ്ധരിച്ചാണ് നാട്ടുകാർ തന്നോട് തട്ടിക്കയറിയതെന്നും കെ ടി ജലീലിൽ പറഞ്ഞു. അമിതവേഗത്തിലെത്തിയ മന്ത്രിയുടെ വാഹനമാണ് അപകടം വരുത്തിയതെന്നാണ് പ്രതികളുടെ വാദമെന്നും എന്നാൽ അപകടത്തിന് ശേഷം ഇവർ ആശുപത്രിയിൽ പോകുകയോ മറ്റോ ചെയ്തിട്ടില്ലെന്നും കൽപ്പകഞ്ചേരി പൊലീസ് പറഞ്ഞു. കേസിൽ രണ്ടുപേർകൂടി പിടിയാലാവാനുണ്ടെന്ന് പൊലീസ് അറിയിച്ചു.