മലപ്പുറം : വ്യവസ്ഥാപിതമായ മാർഗങ്ങളിലൂടെ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള മലയാളികളെ കൊണ്ടുവരണമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംപി. ഇതര സംസ്ഥാനങ്ങളിലെ മലയാളികളെ ഉടൻ നാട്ടിൽ എത്തിക്കണം എന്നാാവശ്യപ്പെട്ട് മുസ്‌ലിം ലീഗ് എംഎൽഎമാരുടെ നേതൃത്വത്തിൽ മലപ്പുറം കലക്ടറേറ്റ് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.
സംസ്ഥാന സർക്കാർ ജനങ്ങളോട് മാപ്പു പറയണമെന്നും ലോക്ക് ഡൗൺ ലംഘനത്തിന് യുഡിഎഫിനെ നിർബന്ധിക്കരുതെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടുക. സ്വന്തം വാഹനം ഇല്ലാത്തവരെ നാട്ടിലെത്തിക്കുന്നതിന് ഗതാഗതസൗകര്യം ഏർപ്പെടുത്തുക. അതിർത്തി ചെക്ക് പോസ്റ്റുകളിൽ എത്തിപ്പെട്ടവർ അനുഭവിക്കുന്ന പ്രയാസങ്ങൾ ദൂരീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് മുസ്ലിം ലീഗ് എംഎൽഎമാർ പാലക്കാട് മുതൽ കാസർകോട് വരെയുള്ള കലക്ടറേറ്റ് പടിക്കൽ ധർണ സംഘടിപ്പിച്ചിരുന്നു.
മലപ്പുറം കലക്ടറേറ്റ് മുന്നിൽ നടന്ന ധർണ സമരത്തിൽ എംഎൽഎമാരായ പി ഉബൈദുള്ള, എം ഉമ്മർ ,അഹമ്മദ് കബീർ, മഞ്ഞളാംകുഴി അലി, കെഎൻഎ കാദർ, ആബിദ് ഹുസൈൻ തങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.