മലപ്പുറം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറാനുള്ള കേന്ദ്രസര്‍ക്കാരിന്‍റെ തീരുമാനം അധാര്‍മ്മികവും സുതാര്യതയില്ലാത്തതുമാണെന്ന് പി.കെ കുഞ്ഞാലികുട്ടി എംപി. വികസനമോ നിക്ഷേപമോ ലക്ഷ്യമിട്ടുകൊണ്ടുള്ള കൈമാറ്റമല്ലിത്. കേന്ദ്രസര്‍ക്കാരിന് താല്‍പര്യമുള്ള കോര്‍പറേറ്റ് ഗ്രൂപ്പായ അദാനിക്ക് കൈമാറാന്‍ നേരത്തെ നിശ്ചയിച്ചുറപ്പിച്ചതിന്‍റെ ബാക്കിപതം മാത്രമാണിത്. ഇതിനെയാണ് എതിര്‍ക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു. നിക്ഷേപത്തിനും പുതിയ തൊഴിലവസരങ്ങള്‍ക്കും വികസനത്തിനും സ്വകാര്യ പങ്കാളിത്തം അനിവാര്യമാണെങ്കില്‍ അതിനെ എതിര്‍ക്കേണ്ടതില്ല. എന്നാല്‍ ഇത് എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചുകൊണ്ടുള്ള കച്ചവടം മാത്രമാണ്.
തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് പോയതില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ പങ്ക് കുറ്റകരമാണ്. വിമാനത്താവളം ഏറ്റെടുത്ത് പ്രവര്‍ത്തിപ്പിക്കുന്നതില്‍ ആത്മാര്‍ഥമായ ഇടപെടലല്ല സംസ്ഥാന സര്‍ക്കാരില്‍ നിന്നുണ്ടായത്. കേന്ദ്രസര്‍ക്കാരിനും അദാനിക്കും മുന്നില്‍ മനപൂർവം തോറ്റുകൊടുക്കുകയായിരുന്നു സംസ്ഥാന സര്‍ക്കാര്‍. ബിജെപിക്ക് താല്‍പര്യമുള്ള ഏതാനും കോര്‍പറേറ്റുകളുടെ കൈകളിലേക്ക് രാജ്യത്തിന്‍റെ അഭിമാനമായ പദ്ധതികളും പൊതുമേഖല സ്ഥാപനങ്ങളും എത്തിക്കൊണ്ടിരിക്കുകയാണ്. യാതൊരു തത്വദീക്ഷയും ഇല്ലാതെയാണ് കേന്ദ്രസര്‍ക്കാര്‍ ഇത് ചെയ്യുന്നത്. അത്യന്തം ഗുരുതരമായ അവസ്ഥയാണിത്. ഈ കോര്‍പറേറ്റുകള്‍ ഏതെങ്കിലും കാരണവശാല്‍ തകര്‍ന്നുപോയാല്‍ ഈ പദ്ധതികളുടെയും സ്ഥാപനങ്ങളുടെയും സ്ഥിതി എന്താകും. ഇത്തരത്തിൽ തകര്‍ന്ന കോര്‍പറേറ്റുകളുടെ ചരിത്രം നമ്മുടെ മുന്നിലുണ്ടെന്നും കുഞ്ഞാലിക്കുട്ടി ഓർമിപ്പിച്ചു.